Saitek to make science and technology museum popular with students

ശാസ്ത്ര പഠനാവസരങ്ങൾ കൂടുതൽ വിദ്യാർഥികളിൽ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ സൈറ്റക് (സയന്റിഫിക് ടെമ്പർമെന്റ് ആന്റ് അവയർനസ്സ്) ക്യാമ്പയിന് തുടക്കമായി. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് 3 മാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന പരിപാടി ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെ തുടരും. ഓരോ ദിവസവും ഓരോ സ്‌കൂളിൽ നിന്നായി 60-ൽ കുറയാത്ത കുട്ടികളുടെ സംഘം പഠന സന്ദർശനത്തിന് എത്തും. ഗാലറികളും പ്രദർശനങ്ങളും വിശദമായി കണ്ടതിനു ശേഷം സംശയനിവാരണം വരുത്തുന്നതിനുള്ള അവസരമുണ്ട്. ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധക്ലാസും വിദഗ്ധ നേതൃത്വത്തിൽഒരുക്കും. അന്ധവിശ്വാസം, അശാസ്ത്രീയ ചിന്താരീതികൾ എന്നിവയ്‌ക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ ഭൗതികശാസ്ത്ര ശാഖകളിൽ നിന്ന് മാത്രമായുള്ള മുന്നൂറിലേറെ പ്രദർശന വസ്തുക്കൾ നിലവിൽ മ്യൂസിയത്തിലുണ്ട്. പോപ്പുലർ സയൻസ്, ഗണിതശാസ്ത്രം, സൗരോർജ്ജം തുടങ്ങിയ ഗാലറികളും സജ്ജീകരിച്ചിട്ടുണ്ട്. പ്രിയദർശനി പ്ലാനിറ്റോറിയം, സയൻസ് പാർക്ക്, ത്രീഡി തീയേറ്റർ എന്നിവ മ്യൂസിയത്തിലെ മറ്റ് ആകർഷണങ്ങളാണ്. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ എൻജിനീയറിങ് ഗ്യാലറികളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി വരുന്നു.മികച്ച ലൈബ്രറി സൗകര്യവും മ്യൂസിയത്തിലുണ്ട്. ഈ സാധ്യതകളിലേക്ക് വിദ്യാർഥി ലോകത്തിന്റെ വിപുലമായ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് സൈറ്റക് ഒരുക്കുന്നത്.