The government is accelerating the development of Sree Narayana Open University.

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വികസനം ദ്രുതഗതിയിലാക്കുകയാണ് സർക്കാർ

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വികസനം ദ്രുതഗതിയിലാക്കുകയാണ് സർക്കാർ. കൊല്ലം നഗരത്തിൽ ബീച്ച് റോഡിന് സമീപമായി ആസ്ഥാനമന്ദിര സമുച്ചയമുയർത്താൻ സർവ്വകലാശാലയ്ക്ക് സ്വന്തമായി സ്ഥലം വാങ്ങി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

മുണ്ടയ്ക്കൽ വില്ലേജിൽപ്പെട്ട 125/4 സർവേ നമ്പറിലുള്ള സ്വകാര്യ വ്യക്തിയുടെ 8.06665 ഏക്കർ വസ്തുവാണ് സർവ്വകലാശാല ആസ്ഥാന മന്ദിര നിർമ്മാണത്തിനായി സർവ്വകലാശാലയുടെ പേരിൽ രജിസ്റ്റർ ചെയ്തത്. കൊല്ലം ഇരവിപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് ഭൂമി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തെ നൽകിയ ശുപാർശകൾ ധനവകുപ്പും റവന്യൂ വകുപ്പും അംഗീകരിച്ചതോടെയാണ് സ്വപ്നമന്ദിരം യാഥാർത്ഥ്യമാകുന്നതിലേക്ക്
വഴിയൊരുങ്ങിയത്. 26.02 കോടി രൂപയുടെ ധനാനുമതി സ്ഥലം വാങ്ങാൻ ഇതേത്തുടർന്ന് ലഭിച്ചിരുന്നു. അവയ്ക്ക് തുടർച്ചയായാണ് ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഭൂമി വാങ്ങുന്നതിന് അഡീഷണൽ ഓഥറൈസേഷൻ വഴിയാണ് ധനകാര്യ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. അതിനാൽ ഈ തുക മാർച്ച് 31നകം വിനിയോഗിക്കേണ്ടതുണ്ടായിരുന്നു. തുടർന്നാണ് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി സ്ഥലം വാങ്ങൽ പൂർത്തീകരിച്ചിരിക്കുന്നത്.

ആസ്ഥാനമന്ദിര നിർമ്മാണം എത്രയും വേഗം ആരംഭിക്കും. 2025-26 ബഡ്ജറ്റിൽ 30 കോടി രൂപ യൂണിവേഴ്സിറ്റിക്ക് കെട്ടിടം പണിയുന്നതിന് സർക്കാർ വകയിരുത്തിയിട്ടുണ്ട്. പ്രവേശനകവാടം, ചുറ്റുമതിൽ, റോ‍ഡുകൾ, ലാൻസ്കേപ്പിംഗ്, ഹരിതവത്ക്കരണം, ആദ്യഘട്ടമായി 6000 സ്ക്വ. മീ. വിസ്തൃതിയുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ ആദ്യ ഘട്ടമായി നിർമ്മിക്കും. ഇതിനാവശ്യമായ മാസ്റ്റർ പ്ലാൻ എൻ ഐ ടി കാലിക്കറ്റിനെ കൊണ്ട് തയ്യാറാക്കിക്കും.

കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ വിദൂരവിദ്യാഭ്യാസം ഒറ്റ സർവ്വകലാശാലയ്ക്കു കീഴിലാക്കിക്കൊണ്ട്, സംസ്ഥാനത്തെ പതിനഞ്ചാമത് സർവ്വകലാശാല ആയാണ് ഗുരുദേവൻ്റെ മഹിതസ്മരണയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് എൽഡിഎഫ് സർക്കാർ തുടക്കം കുറിച്ചത്. 2020 ഒക്ടോബർ 02 നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിനു സമർപ്പിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് കേവലം നാലുവർഷം പിന്നിടുമ്പോഴാണ് സ്വന്തമായി ഭൂമിവാങ്ങി നൽകിയിരിക്കുന്നത്. ചരിത്ര മുഹൂർത്തമാണിത്. കൊല്ലം കുരീപ്പുഴയിൽ താൽക്കാലിക ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സർവ്വകലാശാലയ്ക്ക് സ്വന്തം ഭൂമി ആയതോടെ എൽഡിഎഫ് സർക്കാർ ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് നൽകിയ ഒരു വാക്കു കൂടി പാലിക്കുകയാണ്.

യൂണിവേഴ്സിറ്റിക്ക് ഇന്ന് സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൂടെ പ്രവർത്തിച്ച ധനകാര്യവകുപ്പ്, വൈസ് ചാൻസലർമാർ, മുൻ സിൻഡിക്കേറ്റ് അംഗങ്ങൾ ഓഫീസർമാർ, പുതിയ സിൻഡിക്കേറ്റ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങി എല്ലാവരെയും ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.