'Shaping Kerala's Future: International Conclave on Next-Gen Higher Education' - 14th and 15th January 2025

‘ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എജ്യൂക്കേഷൻ’ – 2025 ജനുവരി 14,15 തീയതികളിൽ

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ഒരുക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ലോഗോ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു പ്രകാശനം ചെയ്‌തു. ‘ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എജ്യൂക്കേഷൻ’ എന്ന പേരിൽ 2025 ജനുവരി 14,15 തീയതികളിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല വേദിയായാണ് കോൺക്ലേവ്. Towards A New Episteme എന്നതാണ് കോൺക്ലേവിന്റെ ടാഗ് ലൈൻ.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ നിലവിലെ വെല്ലുവിളികളും സാധ്യതകളും കോൺക്ലേവ് പരിശോധിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ നിർമ്മിതബുദ്ധിയുടെ സംയോജനം, സാമ്പത്തിക സുസ്ഥിരത, അന്താരാഷ്ട്രവത്കരണം, ഗവേഷണമികവ്, സുസ്ഥിരവികസനം കരിക്കുലത്തിൽ സംയോജിപ്പിക്കൽ, ഉന്നതവിദ്യാഭ്യാസത്തെ ഭാവി തൊഴിൽസാധ്യതകളുമായി ബന്ധിപ്പിക്കൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ മാറേണ്ട ക്യാമ്പസുകളിലെ ജനാധിപത്യവിദ്യാർത്ഥി യൂണിയനുകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ കോൺക്ലേവ് ചർച്ചചെയ്യും.

ഉന്നതവിദ്യാഭ്യാസരംഗത്ത്‌ കേരളം നടത്തിക്കൊണ്ടിരിക്കുന്ന സമൂലവും സമഗ്രവുമായ പരിഷ്‌ക്കാരങ്ങളുടെ തുടർച്ചയാണ് ജനുവരിയിലെ കോൺക്ലേവ്. ഈ വർഷം സംസ്ഥാനത്ത് ആരംഭിച്ച നാലുവർഷ ബിരുദ പദ്ധതി, കോളേജുകളിലും സർവ്വകലാശാലകളിലും അക്കാദമിക, ഭരണകാര്യങ്ങൾ സുഗമമായി നടത്തുന്നതിനു വേണ്ടി രൂപീകരിച്ച കെ-റീപ്പ് പദ്ധതി, വിവിധ മേഖലകളിലായി സ്ഥാപിക്കുന്ന ഏഴു മികവിന്റെ കേന്ദ്രങ്ങൾ, കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്, ബ്രെയിൻ ഗെയിൻ പദ്ധതി, സ്റ്റഡി ഇൻ കേരള പദ്ധതി, സ്റ്റേറ്റ് അക്രഡിറ്റേഷൻ ആൻഡ് അസസ്‌മെന്റ്‌ സെന്റർ, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പുകൾ, കൈരളി റിസർച്ച് അവാർഡുകൾ, ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി, നൈപുണ്യവികസനത്തിനായി സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ്‌ കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് തുടങ്ങിയവ ഉൾപ്പെട്ടതാണീ മാറ്റങ്ങൾ.

അന്താരാഷ്ട്ര കോൺക്ലേവ് 2025 ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിക്കും. നോബൽ പുരസ്‌ക്കാര ജേതാക്കൾ ഉൾപ്പെടെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭർ ചടങ്ങിൽ പങ്കെടുക്കും. നിരവധി ശില്പശാലകളും പ്ലീനറി സെഷനുകളും പാരലൽ സെഷനുകളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.

ബോസ്റ്റൺ കോളേജ്‌ സെന്റർ ഫോർ ഇന്റർനാഷണൽ ഹയർ എജ്യൂക്കേഷനിലെ സ്ഥാപക ഡയറക്ടർ പ്രൊഫ. ഫിലിപ്പ് ആൾട്ബാക്, ലങ്കാസ്റ്റർ സർവ്വകലാശാലയിലെ പ്രൊഫ. ഡോ പാസി, എഡിൻബറോ സർവ്വകലാശാലയിലെ പ്രൊഫ. വിക്‌ടോറിയ മാർട്ടിൻ തുടങ്ങിയവർ കോൺക്ലേവിൽ സംബന്ധിക്കും. കൂടാതെ, രാജ്യത്തെ വിവിധ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, യു.ജി.സി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവിടങ്ങളിൽ നിന്നും, ലോകബാങ്ക്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റർ നാഷണൽ എജ്യൂക്കേഷൻ, ഒ.ഇ.സി.ഡി, തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും വിദഗ്ധർ പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൂതനാശയങ്ങൾ, അക്കാദമിക സഹകരണം എന്നിവയെയാണ്‌ ലോഗോ പ്രതിനിധീകരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ, ആഗോള പാരസ്പര്യം, അക്കാദമിക ചിഹ്നങ്ങൾ എന്നിവയും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു.

ആഗോളപാരസ്പര്യം, അക്കാദമിക്‌ ഐക്കണുകൾ എന്നിവ സമ്മേളിച്ചുള്ള ദൃശ്യഘടകങ്ങൾ ചേർന്നാണ് ലോഗോ. വൃത്താകൃതിയിൽ രൂപപ്പെടുന്ന ശൃംഖല അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രതീകമാണ്. അമ്പടയാളത്തിന്റെ ആകൃതി സാങ്കേതികവിദ്യയെയും ഭാവിയെയും പ്രതിനിധീകരിക്കുന്നു. പുസ്തകത്തിന്റെ ശൈലീകൃതരൂപം വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്നു. വിശ്വാസം, അറിവ് എന്നിവയുടെ പ്രതീകമായി നീല, വളർച്ച, സുസ്ഥിരത എന്നിവയെ പ്രതിനിധാനം ചെയ്ത് പച്ച എന്നിങ്ങനെയാണ് വർണ്ണവിന്യാസം. കോൺക്ലേവിന്റെ ടാഗ് ലൈൻ ഇതിൽ ചേർത്തിരിക്കുന്നു.

ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ അപ്ലൈഡ് ആർട്‌സ്‌ വകുപ്പ് അധ്യക്ഷനായ അൻസാർ മംഗലതോപ്പാണ്.

ദേശീയ, രാജ്യാന്തരതലത്തിൽ ശ്രദ്ധേയരായ വിവിധ വിദ്യാഭ്യാസ വിചക്ഷണർ അണിനിരക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ https://keralahighereducation.com വെബ്‌സൈറ്റ്‌ സന്ദർശിച്ച് പേരുകൾ മുൻകൂട്ടി രജിസ്റ്റർചെയ്യാം. കൂടുതൽ വിവരങ്ങൾ കോൺക്ലേവ്‌ വെബ്‌സൈറ്റിൽ ലഭ്യമാണ്.