ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജലത്തിൽ തെറാപ്പികൾ ചെയ്യുന്നതിനും പരിശീലനത്തിനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) അക്വാട്ടിക് റീഹാബ് സംവിധാനം പ്രവർത്തനം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു റീഹാബ് സെന്ററിൽ ഇത്തരത്തിലൊരു സംവിധാനം ആരംഭിക്കുന്നത്. നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വെള്ളത്തിൽ പരിശീലനം നൽകുന്ന സംവിധാനങ്ങളില്ല. ഇതുവഴി ജലത്തോടുള്ള ഭയം മാറും.
റിക്രീയേഷൻ സംവിധാനത്തിലൂടെ തെറാപ്പികൾ നൽകുന്നതിനായി ഔട്ട് ഡോർ ആക്‌സസ്, ആമ ആംപുലേഷൻ ട്രാക്ക് എന്നിവ ഉൾപ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. 44 ലക്ഷം മുടക്കി ആരംഭിച്ച പദ്ധതിയിൽ റാംപും ജലനിരപ്പിനു താഴെ കുട്ടികൾക്ക് വീൽ ചെയറിൽ നിൽക്കുന്നതിനാവശ്യമായ പ്ലാറ്റ്‌ഫോമും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ ഇറങ്ങാൻ ആഗ്രഹമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജല അനുഭവം നൽകുന്നതിനും ജലഭയമുള്ള കുട്ടികളെ ഭയത്തിൽ നിന്നു മോചിപ്പിക്കുന്നതിനും അക്വാട്ടിക് റീഹാബ് സംവിധാനത്തിലൂടെ സാധിക്കും.
അക്വാട്ടിക് റീഹാബ് സംവിധാനത്തിലെ കുളത്തിൽ പെഡൽ ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾ ഉൾപ്പെടയുള്ളവർക്ക് അവരറിയാതെ തന്നെ റിക്രിയേഷനിലൂടെ കായിക ക്ഷമത വർധിപ്പിക്കാനും സന്ധികളെ സംബന്ധിച്ച ബോധം അവരിലുണ്ടാക്കാനും പെഡൽ ബോട്ടിങിലൂടെ സാധിക്കും. ഇതു വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
കുളജലനിരപ്പിനു താഴത്തെ പ്ലാറ്റ്‌ഫോമിൽ വീൽചെയറിലിരുന്നു കൊണ്ടു തന്നെ റിക്രിയേഷൻ തെറാപ്പികൾ ചെയ്യാവുന്ന വിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ വീൽ ചെയറിലുള്ളവർക്കുള്ള പരിശീലന ട്രാക്കും കുളത്തിന് ചുറ്റുമായി ഒരുക്കിയിട്ടുണ്ട്. പരസഹായം കൂടാതെ പരിശീലനം നടത്താൻ സാധിക്കുമെന്നാണ് വീൽചെയർ ട്രാക്കിന്റെ പ്രത്യേകത. നിപ്മറിലെ ഭിന്നശേഷിക്കാരെ കൂടാതെ സംസ്ഥാനത്തെ മുൻകൂറായി അനുമതി നേടുന്ന മറ്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്കു കൂടി അക്വാട്ടിക് റീഹാബ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കും.