ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കും. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) പുനരധിവാസ ഗ്രാമങ്ങളെ കുറിച്ച് നടത്തിയ ശില്പശാലയിൽ ആണ് പ്രഖ്യാപനം നടന്നത്.
സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസ ഗ്രാമങ്ങൾ മൂന്ന് വർഷത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ മൂളിയാട്, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഭിന്നശേഷി ഗ്രാമങ്ങൾ ആരംഭിക്കാൻ ഭൂമി ലഭ്യമായിട്ടുണ്ട്. ഭിന്നശേഷി ഗ്രാമങ്ങളിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പ്രത്യേക വിദ്യാലയങ്ങൾ, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം തുടങ്ങിയവയുണ്ടാകും.
പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. നിപ്മറിനെ മികവിന്റെ കേന്ദ്രമായി വളർത്തും. ഈ വർഷം നിപ്മറിന് 12 കോടി അനുവദിച്ചത് വരും വർഷങ്ങളിൽ പതിനഞ്ചു കോടിയായി വർധിപ്പിക്കാനാണ് ശ്രമം. വികലാംഗ ക്ഷേമ കോർപ്പറേഷൻ വികസിപ്പിക്കും. ശാരീരിക പരിമിതി മറികടക്കാനുള്ള ഉപകരണങ്ങൾ പുനരധിവാസ ഗ്രാമങ്ങളിൽ നൽകാൻ മദ്രാസ് ഐ. ഐ.ടി. പോലെയുള്ള കേന്ദ്രങ്ങളുടെ ഉപദേശം തേടും.
ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിനായി യോജിച്ചുള്ള പ്രവർത്തനങ്ങൾ വേണം. പൊതു ഇടങ്ങൾ ഭിന്നശേഷി വിഭാഗക്കാർക്ക് പ്രാപ്യമാവണം. ഭിന്നശേഷിക്കാരുടെ അവകാശം ഉറപ്പ് വരുത്തുന്ന സംവിധാനങ്ങൾ വേണം. ഭാവിയിലേക്ക് വെളിച്ചം പകരുന്ന പ്രത്യാശയുടെ കേന്ദ്രങ്ങളായി പുനരധിവാസ ഗ്രാമങ്ങൾ മാറണം.