തിരുവനന്തപുരം നെടുമങ്ങാടുള്ള സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലും സർക്കാർ പോളിടെക്നിക് കോളേജിലും നിർമ്മാണം പൂർത്തീകരിച്ച ബഹുനില മന്ദിരങ്ങൾ സമൂഹത്തിനായി തുറന്നു കൊടുത്തു.
അത്യാധുനിക സൗകര്യങ്ങളോടെ, ടെക്നിക്കൽ ഹൈസ്കൂളിൽ 6 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും പോളിടെക്നിക് കോളേജിൽ 6.5 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച മൂന്നാം നിലയും 0.62 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വർക്ക്ഷോപ്പ് മന്ദിരവുമാണ് പ്രവർത്തനം ആരംഭിച്ചത്.
2,623 ചതുരശ്ര മീറ്ററിൽ 6 ക്ലാസ് മുറികൾ, 4 പ്രാക്ടിക്കൽ ക്ലാസ് റൂമുകൾ, എഞ്ചിനീയറിംഗ് ഡ്രോയിംഗ് ഹാൾ, കമ്പ്യൂട്ടർ കാഡ് ലാബ്, സൂപ്രണ്ട് റൂം, 3 സ്റ്റാഫ് റൂമുകൾ, സൂപ്രണ്ടിന്റെ കാര്യാലയം, സ്വീകരണമുറി, കുട്ടികൾക്ക് 2 ചേഞ്ചിംഗ് റൂമുകൾ, മിനി സെമിനാർ ഹാൾ, വിശാലമായ അകത്തളം, വ്യസ്ത്യമായ ലോബി, സ്റ്റോർ മുറി, 3 സ്റ്റേയർകേസുകൾ, ലിഫ്റ്റ് ക്രമീകരണത്തിനുളള സംവിധാനം, ശുദ്ധജല സംഭരണികൾ, ടോയിലറ്റ് സൗകര്യങ്ങൾ, സെല്ലർ ഫ്ലോർ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഒരുക്കിയിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലധിഷ്ഠിത സാങ്കേതിക പഠനത്തിനും പ്രത്യേക ഊന്നൽ നൽകുന്ന സംസ്ഥാന സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അതീവശ്രദ്ധയാണ് നൽകിവരുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവുമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് ആക്കം കൂട്ടുന്നവയാണ് ഈ നിർമ്മാണപ്രവർത്തനങ്ങളെല്ലാം.