'Sneharam', which made 3000 centers free of garbage, received world recognition

3000 കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കിയ ‘സ്നേഹാരാമ’ത്തിന് ലോകാംഗീകാരം

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ് അംഗീകാരം ലഭിച്ചു. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്.

വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അഡ്ജ്യൂഡികേറ്റർ, ക്യൂറേറ്റർ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘം സ്‌നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോർട്ടും രേഖകളും വിലയിരുത്തി. മികച്ച നിലവാരം പുലർത്തിയ പദ്ധതിക്ക് അംഗീകാരപത്രവും മെഡലും കൈമാറി.

ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് നാഷണൽ സർവീസ് സ്കീം ‘ സ്നേഹാരാമം’ പദ്ധതി നടപ്പാക്കിയത്. എൻഎസ്എസ് പ്രവർത്തനങ്ങളിൽ തിളങ്ങുന്ന അധ്യായമാണ് ‘മാലിന്യമുക്ത നവകേരളം’ എന്ന മഹാദൗത്യത്തിൽ പങ്കാളിയായി രാജ്യത്തിനുതന്നെ മാതൃക തീർത്ത ‘സ്നേഹാരാമങ്ങൾ’ സാക്ഷാത്കരിച്ചത്.