The beginning of the Higher Education Empowerment Workshop

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉറച്ച ഒരു സന്ദേശത്തോടെയാണ് ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയ്ക്ക് തുടക്കമായിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സാമ്പത്തിക പരാധീനതകളെക്കുറിച്ചുള്ള ചിന്ത വിലങ്ങാവരുതെന്നതാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

‘നിര്‍ദ്ദേശങ്ങളില്‍ സ്വപ്നങ്ങളും ഭാവനയും പ്രതിഫലിക്കണം. അടുത്ത മൂന്നു വര്‍ഷംകൊണ്ട് നേടിയെടുക്കേണ്ട മാറ്റങ്ങളും പുരോഗതിയുമാവണം മനസ്സിലുണ്ടാവേണ്ടത്’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ, എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏറ്റവും ഉയര്‍ന്ന മികവിലേക്ക് കൊണ്ടുവരാന്‍ കൂട്ടായ പരിശ്രമത്തിനിറങ്ങാന്‍ അക്കാദമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുകയാണ് സംസ്ഥാനസര്‍ക്കാര്‍.

പാഠ്യപദ്ധതി കാലോചിതമാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും പല രീതിയില്‍ സൂചിപ്പിച്ചു. തൊഴില്‍സേനയിലേക്ക് സംഭാവനചെയ്യല്‍ മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ആശയം എല്ലാവരും ഒരേ സ്വരത്തില്‍ പ്രതിഫലിപ്പിച്ചത് നിയോലിബറല്‍ ആശയങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടാക്കാന്‍ വ്യാപകമായി ശ്രമിക്കുന്ന കാലത്ത് ആവേശകരമാണ്. ജനാധിപത്യബോധവും ശാസ്ത്രാവബോധവും സാംസ്‌കാരികാവബോധവും ഊട്ടിയുറപ്പിക്കുന്നതാവണം പാഠ്യപദ്ധതിയിലെ മാറ്റങ്ങളെന്നു മുഖ്യമന്ത്രി ഇടതുപക്ഷനിലപാട് മാര്‍ഗ്ഗനിര്‍ദേശമായി അവിടെ അവതരിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്ന തുരുത്തുകളായി നിലനില്‍ക്കുന്ന സ്ഥിതി മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. തുടങ്ങാന്‍ പോകുന്ന മുപ്പത് മികവിന്റെ കേന്ദ്രങ്ങളും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും പ്രാപ്യമാവണമെന്നതില്‍ ഈ സര്‍ക്കാര്‍ ഒരിളവും നല്‍കില്ല. ‘ജനാധിപത്യപരവും പരസ്പരം ഉള്‍ക്കൊള്ളുന്നതുമായ സമൂഹനിര്‍മ്മാണം’ – ഉന്നതവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം മുഖ്യമന്ത്രി ഏറ്റവും ചുരുക്കത്തില്‍ത്തന്നെ പറഞ്ഞു.

വിലകുറഞ്ഞ തൊഴില്‍സേനയെ പ്രദാനംചെയ്യല്‍ അല്ല ഉന്നതവിദ്യാഭ്യാസംകൊണ്ട് കേരളം ലക്ഷ്യംവെക്കുന്നതെന്നു അധ്യക്ഷപ്രസംഗത്തില്‍ വ്യക്തമാക്കി. നിയോലിബറല്‍ ക്രമം സ്ഥാപിച്ചെടുക്കാനുള്ള മണ്ഡലമായി ഉന്നതവിദ്യാഭ്യാസരംഗത്തെ കാണുന്ന രീതി പ്രബലമാവുകയാണല്ലോ. അതിനെ പ്രതിരോധിക്കാന്‍തന്നെയാണ് ഇടതുപക്ഷസര്‍ക്കാര്‍. അതുകൊണ്ടാണ്, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമാവും ഉന്നതവിദ്യാഭ്യാസമേഖലയിലെ എല്ലാ മാറ്റങ്ങളുമെന്ന് അധ്യക്ഷയെന്നനിലയ്ക്ക് വ്യക്തമാക്കിയത്.

അടിസ്ഥാന വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസരംഗത്തും കേരളത്തെ ലോകത്തിനു മാതൃകയായി മാറ്റാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉറച്ചിരിക്കുന്നത്. എന്നാലോ, ഏതു പരിമിതികള്‍ക്കുള്ളിലായാലും വരേണ്യവും വര്‍ഗീയവുമായ ആശയങ്ങള്‍ക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇടം നല്‍കുകയുമില്ല.

സര്‍ക്കാരിന്റെ മുന്‍ഗണനകളും ചിലകാര്യങ്ങളിലെ നിര്‍ബന്ധബുദ്ധിയുമാണ് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രിയും, അധ്യക്ഷപ്രസംഗത്തില്‍ ഞാനും വ്യക്തമാക്കിയത്. മൗലികമായ മാറ്റങ്ങള്‍, ജനങ്ങളില്‍ ചുവടുറപ്പിച്ച്, നിര്‍ദ്ദേശിക്കാന്‍ കെല്പുള്ള എഴുപതോളം വിദ്യാഭ്യാസ വിചക്ഷണരാണ് ശില്പശാലയില്‍ മുഴുവന്‍സമയവുമായി പങ്കെടുക്കുന്നത്. ഭാവികേരളത്തിനാകെ അഭിവൃദ്ധിയുടെ അടിത്തറ പണിയുന്ന കാതലായ നിര്‍ദ്ദേശങ്ങള്‍ അവിടെയുണ്ടാകും, ഉറപ്പാണ്.