Muriyad panchayat with high plan to fly high

സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് മുരിയാട് പഞ്ചായത്തിൻ്റെ ഉയരെ. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതി ഉയരെ കൈറ്റ്സ് ഫൗണ്ടേഷൻ എൻജിഒ യുടെ ഇൻസ്പെയർ സിവിൽ സർവീസ് കോച്ചിങ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയാണ് നടപ്പാക്കുന്നത്. പഞ്ചായത്തിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് പി.എസ്.സി, സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ ഓൺലൈൻ പരിശീലന പദ്ധതിയാണ് ഉയരെ. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.

സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നതതല മത്സര പരീക്ഷകൾ വിദ്യാർത്ഥികളിൽ കൂടുതൽ പരിചയപ്പെടുത്തുകയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരമൊരുക്കുകയുമാണ് ഉയരെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന് പുറമെ ക്വിസിംഗ് ഡിബേറ്റ് ഉൾപ്പെടെയുള്ള വ്യത്യസ്ഥ മാർഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതും നമ്മുടെ നാട്ടിൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കുന്നതും ഉയരെ പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങളാണ്.

രണ്ട് ബാച്ചുകളായി ആരംഭിക്കുന്ന പദ്ധതിയിലേയ്ക്ക് മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് ഉയരെ ബാച്ചുകളിലേയ്ക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രിപ്പറേറ്ററി ബാച്ച്, ഫോക്കസ്ഡ് ബാച്ച് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. പ്ലസ് ടു മുതൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ അടങ്ങുന്നതായിരിക്കും പ്രിപ്പറേറ്ററി ബാച്ച്. മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികൾ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർക്കുള്ളതാണ് ഫോക്കസ്ഡ് ബാച്ച്.

പൂർണ്ണമായും ഓൺലൈനായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഓൺലൈൻ ലൈവ് ക്ലാസുകൾക്ക് പുറമെ കൈറ്റ്സ് ഫൗണ്ടേഷൻ തന്നെ വികസിപ്പിച്ചെടുത്ത ഉയരെ ആപ്പിലൂടെ റെക്കോർഡഡ് സബ്ജറ്റ് ക്ലാസുകളും ലഭിക്കും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയും കേരളത്തിലെ മറ്റ് മുൻനിര സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധരായ അധ്യാപകരായിരിക്കും ക്ലാസുകൾ നൽകുന്നത്. പ്രിപ്പറേറ്ററി, ഫോക്കസ്ഡ് ബാച്ചുകളുടെ പരമാവധി അംഗസംഖ്യ 200 ആയിരിക്കും. ആകെ ഒരു വർഷത്തെ പരിശീലന കാലാവധിയിൽ പ്രിപ്പറേറ്ററി ബാച്ചിന് 50 മണിക്കൂർ സബ്ജറ്റ് ക്ലാസും ബാക്കി ഓൺലൈൻ ക്ലാസും ഉൾപ്പെടെ ആകെ 100 മണിക്കൂർ ക്ലാസാണ് ലഭിക്കുക. ഫോക്കസ്ഡ് ബാച്ചിന് 200 മണിക്കൂർ സബ്ജറ്റ് ക്ലാസ് ഉൾപ്പെടെ ആകെ 300 മണിക്കൂർ ക്ലാസാണ് ലഭിക്കുക.

സംസ്ഥാന വ്യാപകമായി കൊണ്ടുവരുന്ന പദ്ധതി ആദ്യമായി നടപ്പാക്കുന്നത് തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിലാണ്. പദ്ധതിയുടെ പൊതുജന പ്രതികരണത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം. ബാച്ചുകളിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത ശേഷം പ്രാരംഭ ഘട്ടത്തിൽ മുരിയാട് കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പരിശീലന പരിപാടി അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതിനാണ് തീരുമാനം. തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ അടക്കം നിരവധി ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ കൊടുക്കും.

പദ്ധതിയോട് അനുബന്ധിച്ച് മുരിയാട് വെച്ച് നടന്ന ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ഇ ഡി ഗ്രാംഷി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി, ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സൻ, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, പഞ്ചായത്ത് സെക്രട്ടറി പി പ്രജീഷ്, കൈറ്റ്സ് ഫൗണ്ടേഷൻ കോർഡിനേറ്റർമാരായ അപ്പു, മജിത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, വാർഡ്