ASAP Kerala and NTTF signed the agreement

അസാപ് കേരളയും എൻ.ടി.ടി.എഫും കരാർ ഒപ്പുവച്ചു
—————- 

കണ്ണൂരിലെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്‍റെ ഓപ്പറേറ്റിംഗ് പാർട്‌ണറായ നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനുമായി (എൻ.ടി.ടി.എഫ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) കരാർ ഒപ്പുവച്ചു.

ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസും എൻ.ടി.ടി.എഫ് ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ആർ.രാജഗോപാലനും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ പരിശീലനം നൽകുന്നതിനും, പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിനും സ്‌കിൽ പാർക്ക് പരിപാലിക്കുന്നതിനും അടുത്ത പത്തു വർഷത്തേക്കുള്ള കരാറാണ് ഒപ്പുവെച്ചത്. ഇതുവഴി പ്രതിവർഷം നാനൂറിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നല്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്താം ക്ലാസ് പാസായ ആർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡിപ്ലോമയും സർട്ടിഫിക്കറ്റ് നൈപുണ്യ പ്രോഗ്രാമുകളുമാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലെ പ്രത്യേകത.

ഡിപ്ലോമ ഇൻ ടൂൾ എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ ആൻഡ് സി.എൻ.സി മെഷിനിസ്റ്റ്, പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ, ഓപ്പറേറ്റർ-കൺവെൻഷണൽ മില്ലിംഗ് ആൻഡ് സി.എൻ.സി ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിംഗ് സെന്റർ, ഓപ്പറേറ്റർ- കൺവെൻഷണൽ ടേണിംഗ് , CNC ഓപ്പറേറ്റർ ടേണിംഗ് എന്നീ അതിനൂതന കോഴ്‌സുകളാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ സംഘടിപ്പിക്കുന്നത്