'Yatnam' project begins

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിന്
40000 രൂപ വീതം വരെ ധനസഹായം
 
മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുന്നു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ ഭരണാനുമതി ആയി.

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് ‘യത്നം’ ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.

വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്‌തികൾക്ക് പരമാവധി 40000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്‌തികൾക്ക് പരമാവധി 40000 രൂപ വീതം വരെയും നൽകും.

‘യത്നം’ പദ്ധതിയിൽ നൽകുന്ന ഈ സാമ്പത്തികസഹായം ട്രാൻസ്ജൻഡർ ക്ഷേമപദ്ധതികൾക്ക് വകയിരുത്തിയ നാലരക്കോടി രൂപയിൽനിന്നാണ്.