Mini Industrial Unit Scheme

മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതി

കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേർന്ന് തൊഴിലവസരവും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതിക്ക് തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സിൽ തുടക്കമാവുകയാണ്. ഇതിനായി കോളേജിന് ഒരു കോടി രൂപയ്ക്ക് ഭരണാനുമതി നൽകി.

പൊതുസ്‌ഥലങ്ങളിൽ ഉപയോഗശൂന്യവസ്തുക്കൾകൊണ്ട് ശില്പങ്ങൾ നിർമ്മിച്ച് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് ഏറ്റെടുക്കുക. ആർട്സ് ആൻഡ് സയൻസ് കോളേജുകളോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിത്.
കെട്ടിടനിർമ്മാണത്തിന് 20 ലക്ഷം രൂപ, യന്ത്രസാമഗ്രികൾക്ക് 42 ലക്ഷം, സെറാമിക് സ്റ്റുഡിയോയ്ക്ക് 10 ലക്ഷം, കായികാദ്ധ്വാനത്തിന് 16 ലക്ഷം അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ഏഴു ലക്ഷം, ട്രാൻസ്പോർട്ടേഷനും സ്ഥാപിക്കലിനുമായി അഞ്ചു ലക്ഷം എന്നിങ്ങനെയാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റിന് തുക അനുവദിച്ചിരിക്കുന്നത്.

ബസ് സ്റ്റോപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കെട്ടിടങ്ങളുടെ ഉൾഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ശിൽപ്പനിർമ്മാണമാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് കാര്യമായി ഏറ്റെടുക്കുക. പ്ലാസ്റ്റിക്, ഇ-വെയിസ്റ്റ്, ചില്ല് എന്നിവയടങ്ങുന്ന പാഴ്‌വസ്തുക്കൾ കൊണ്ട് കലാശില്പങ്ങൾ പണിത് ഇപ്പറഞ്ഞ ഇടങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ ‘പൂജ്യം മാലിന്യം’ എന്ന ആശയം പ്രചരിപ്പിക്കാനും ഈയിടങ്ങളിൽ കൂടുതൽ ജനശ്രദ്ധയുണർത്താനും സാധിക്കും.

മെറ്റൽ സ്ക്രബ്ബുകൾ, ഇ-മാലിന്യങ്ങൾ, ഓഫ്-കട്ട് വുഡ്, റബ്ബർ ഉൽപ്പന്നങ്ങൾ, സെറാമിക് കഷണങ്ങൾ മുതലായവ മോടിയുള്ളതും സുസ്ഥിരവുമായ മാധ്യമങ്ങളിൽ തിരഞ്ഞെടുത്ത്, മേശപ്പുറത്തു വെക്കാവുന്ന ചെറുശില്പങ്ങൾ നിർമ്മിക്കാൻ കൂടിയാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് പദ്ധതി.ഇങ്ങനെ, അസംസ്കൃത വസ്തുക്കളിൽനിന്നും നിത്യോപയോഗ സാധനങ്ങളും കരകൗശലവസ്തുക്കളും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി, പങ്കാളികളാവുന്നവർക്ക് വരുമാനവുമേകും.