‘ഷി’ എല്ലാ എൻജിനീയറിങ് കലാലയങ്ങളിലേക്കും
എൻജിനീയറിങ് തൊഴിൽമേഖലയിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ പോളിടെക്നിക്കുകളിലും എൻജിനീയറിങ് കോളേജുകളിലും നടപ്പാക്കുന്ന ‘ഷി’ (SHE – Scheme for Her Empowerment in Engineering Education) പദ്ധതി കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലും ആരംഭിച്ചു.
ഉന്നത സാങ്കേതികവിദ്യാ പഠനരംഗത്ത് കാണുന്ന മികച്ച വനിതാ പ്രാതിനിധ്യം വിവിധ സാങ്കേതികതൊഴിൽ മേഖലകളിൽ കൂടി കൊണ്ടുവരാനാണ് ‘ഷി’ പദ്ധതി . എൻറോൾമെൻറ് കണക്കുകളിൽ സാങ്കേതികവിദ്യാപഠനരംഗത്തെ സ്ത്രീസാന്നിധ്യം മികച്ചതും ദേശീയശരാശരിയേക്കാൾ വളരെ ഉയർന്നതുമാണ്. എന്നാൽ എൻജിനീയറിങ് നൈപുണ്യം ആവശ്യമായ തൊഴിൽമേഖലകളിൽ ഈ പ്രാതിനിധ്യം പ്രതിഫലിക്കുന്നില്ല. എന്തുകൊണ്ടീ കുറവ് എന്ന കുഴക്കുന്ന ചോദ്യത്തിന് കണ്ടെത്തിയ ഉത്തരങ്ങളാണ് ‘ഷി’ പദ്ധതിയിലേക്ക് നയിച്ചത്.
സാങ്കേതികവിദ്യാ വളർച്ചക്ക് അനുസരിച്ച് നേതൃപരമായ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തിപ്പെടണമെന്ന കാഴ്ചപ്പാടിലാണ് പദ്ധതി സംസ്ഥാനതലത്തിൽ കൊണ്ടു വരുന്നത് . 2020ൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ ആരംഭിച്ച പദ്ധതി മികച്ച ഫലം നൽകിയതിനെത്തുടർന്നാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
നിലവിൽ എൻജിനീയറിങ്ങിന് പഠിക്കുന്നവർ, എൻജിനീയറിങ് പഠനരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ, പഠനം പൂർത്തിയാക്കി വിവിധ എൻജിനീയറിങ് മേഖലകളിൽ പ്രവർത്തിക്കുന്നവർ, എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ വനിതകളെ ശാക്തീകരിക്കാനാണ് പദ്ധതി. പരിശീലന പരിപാടികൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, മാർഗ്ഗദർശകരുടെ സഹായത്തോടെയുള്ള നേതൃപാടവ വികസനപ്രവർത്തനങ്ങൾ, പ്രൊഫഷണൽ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള വ്യക്തിത്വ വികസന സെഷനുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇവയിലൂടെ സ്ത്രീശാക്തീകരണത്തിന് ആവശ്യമായ ജൈവികമായ അന്തരീക്ഷം ഉണ്ടാക്കാനും തൊഴിലവസരങ്ങളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം വർധിപ്പിക്കാനും തൊഴിൽരംഗത്ത് അപ്പോഴപ്പോൾ ഉയർന്നുവരുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാൻ വനിതാ എൻജിനീയർമാരെ പ്രാപ്തരാക്കാനും പദ്ധതികൊണ്ട് സാധിക്കും.