Working hours of all colleges will be extended on CET model

തിരുവനന്തപുരം എൻജിനീറിംഗ് കോളേജിന്റെ മാതൃകയിൽ അടുത്ത അധ്യനവർഷത്തോടെ എല്ലാ കലാലയങ്ങളുടെയും പ്രവർത്തന സമയം വിപുലീകരിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ‘യാനം ദീപ്തം: ക്യാമ്പസ് പ്രവർത്തന സമയ വിപുലീകരണ പദ്ധതി’യും സ്റ്റുഡന്റസ് സെന്റർ കെട്ടിട സമുച്ചയവും നവീകരിച്ച സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റിയും അക്കാദമിക് ലോകത്തിനായി സമർപ്പിക്കുന്ന വേളയിലാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായി പ്രവർത്തന സമയം വിപുലീകരിച്ച കലാലയമാണ് സി ഇ ടി . നവ വൈജ്ഞാനിക സമൂഹമാകാനുള്ള കേരളത്തിന്റെ പ്രയാണത്തിന്റെ ദിശാസൂചകമാണ് ക്യാമ്പസ് പ്രവർത്തന സമയം ദീർഘിപ്പിച്ച നടപടി.
അറിവിന്റെ ഉത്പാദകരായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി . ഓരോ യുവ മസ്തിഷ്ക്കത്തിലും വിരിയുന്ന നൂതനാശയങ്ങൾക്ക് ചിറകുകൊടുത്ത് വൈജ്ഞാനിക ആകാശങ്ങളിലേയ്ക്ക് കുട്ടികളെ സ്വച്ഛന്ദമായി പറത്തിവിടുന്നതിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുഖ്യ പരിഗണന. അതിന് സമൂലവും സമഗ്രവുമായ പരിഷ്‌ക്കാരങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകണമെന്നാണ് സർക്കാരിന്റെ കാഴ്‌ചപ്പാട്.

‘യാനം ദീപ്തം’ പദ്ധതിയുടെ ഭാഗമായി കോളേജ് പ്രവർത്തനസമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാക്കിയത് കോളേജിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. വിപുലീകൃത സമയത്തിലൂടെ ഗവേഷണവും അക്കാദമിക് പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടും. ലബോറട്ടറികളും, ലൈബ്രറികളും മറ്റുസൗകര്യങ്ങളുമെല്ലാം രാത്രി ഒമ്പതുമണി വരെ പ്രവർത്തിക്കും.

സർക്കാർ ധനസഹായത്തോടെ റൂസയാണ് സ്റ്റുഡന്റസ് സെന്റർ കെട്ടിട സമുച്ചയം പൂർത്തിയാക്കിയത്. നവീകരിച്ച സെൻട്രൽ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയുടെ ഭാഗമായി പുതുതായി 50 കമ്പ്യൂട്ടറുകളാണ് കോളേജിൽ സജ്ജമാക്കിയത്.

പരിപാടി : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നടന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം.