കുടിവെള്ള പ്രശ്നപരിഹാരത്തിന് ഒന്നാമത് പരിഗണ
ഇരിങ്ങാലക്കുട നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയംപര്യാപ്തിയിലേക്ക് നയിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണപ്രവൃത്തിയ്ക്ക് തുടക്കമായി. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒന്നാമത് പരിഗണനയാണ് നൽകുന്നത്.
മണ്ഡലത്തിൽ അടുത്തകാലത്തായി നടന്ന ഏറ്റവും ബൃഹത്തായ പദ്ധതിയാണ് സമഗ്രശുദ്ധജല കുടിവെള്ള നിർമ്മാണം. പദ്ധതി നിലവിൽ വരുന്നതോടെ ഇരിങ്ങാലക്കുട നഗരസഭയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളും പൂർണ്ണ സ്വയം പര്യാപ്തതയിലേയ്ക്ക് എത്തിച്ചേരും. ഇതോടുകൂടി വലിയൊരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്നത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.
114 കോടി രൂപ ചെലവിട്ടാണ് ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിയുടെ നിർമ്മാണം. ഇരിങ്ങാലക്കുട നഗരസഭയിലെയും, ഒപ്പം, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും മുഴുവൻ കുടുംബങ്ങൾക്കും ആളൊന്നിന് നൂറു ലിറ്റർ വീതം കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.
കരുവന്നൂർ പുഴ സ്രോതസ്സായ പദ്ധതിയിൽ നഗരസഭയിലെ മാങ്ങാടിക്കുന്നിൽ പുതുതായി നിർമ്മിക്കുന്ന പതിനെട്ടു ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ജലം ശുദ്ധീകരിക്കും. മുരിയാട് പന്ത്രണ്ട് ലക്ഷം ലിറ്ററും വേളൂക്കരയിൽ പത്തുലക്ഷം ലിറ്ററും സംഭരണശേഷിയുള്ള സംഭരണികളിൽ ഇത് സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി ഇരു പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കും.