വേനലവധിക്കാലത്ത് സ്‌കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്-ഷോപ്പ് 2023 സംഘടിപ്പിക്കും. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്‌കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ, മെയ് മാസങ്ങളിലാണ് വർക്ക്-ഷോപ്പ്.
ഈ അധ്യയനവർഷം മൂന്ന്, നാല്, അഞ്ച് ക്‌ളാസുകളിൽ പഠനം പൂർത്തീകരിച്ച കുട്ടികൾക്ക് ജൂനിയർ ബാച്ചിലും, ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠനം പൂർത്തീകരിച്ചവർക്ക് സീനിയർ ബാച്ചിലുമായി പ്രവേശനം നൽകും. മാർച്ച് 30 നു വൈകിട്ട് നാലു വരെ ഓൺലൈനായി അപേക്ഷ നൽകാം.
അപേക്ഷ സമർപ്പിക്കൽ, പ്രവേശന പരീക്ഷ, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് മ്യൂസിയത്തിന്റെ വെബ് സൈറ്റായ kstmuseum.com സന്ദർശിക്കാം. വിദ്യാർഥികളിലെ ശാസ്ത്ര-ഗവേഷണ അഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് സമ്മർ സയൻസ് വർക്ക്-ഷോപ്പ്.