ശ്രുതിതരംഗവും അനുബന്ധ പദ്ധതികളും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി
സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വന്നിരുന്ന ശ്രുതിതരംഗം പദ്ധതിയും അനുബന്ധ പദ്ധതികളായ ധ്വനി, ഉപകരണങ്ങളുടെ മെയിന്റനൻസ് എന്നിവ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറി ഉത്തരവായി.
2023-24 വർഷം മുതൽ ഈ പദ്ധതികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാകും നടപ്പാക്കുക. നിലവിൽ ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾക്കായി സാമൂഹ്യ സുരക്ഷാ മിഷന് ലഭ്യമായിട്ടുള്ള അപേക്ഷകൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറാനും പുതിയ അപേക്ഷകൾ ഹെൽത്ത് ഏജൻസി മുഖേന സ്വീകരിക്കാനും ആവശ്യമായ നടപടി കൈക്കൊള്ളാനും നിർദേശം നൽകി.
സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയരായി 2 വർഷക്കാലാവധി പൂർത്തിയാകാത്ത കുട്ടികൾക്കുള്ള ഓഡിറ്ററി വെർബൽ തെറാപ്പി ഇനി മുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരം നൽകുന്നതിനും ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്.