Generative AI for Higher Education in Kerala

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ജനറേറ്റീവ് എഐ

നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികാസ പരിണാമങ്ങളിൽ ഒരു നാഴികക്കല്ലാണ് ജനറേറ്റീവ് എഐയുടെ ആവിർഭാവം. ലഭ്യമായ അറിവുകൾ അപഗ്രഥിച്ച് മനുഷ്യ നിർമ്മിതികളോട് കിടപിടിക്കുന്ന അറിവുള്ളടക്കങ്ങൾ നിർമിക്കുന്നതിൽ ഈ സാങ്കേതികവിദ്യ വിസ്‌മയകരമായ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്നു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ജനറേറ്റീവ് എഐയുടെ സംയോജനം അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഈ സാങ്കേതികവിദ്യ വ്യക്തിഗത പഠനം, ഗവേഷണം, ഭരണനിർവഹണം, ബഹുഭാഷാ വിദ്യാഭ്യാസം എന്നിവയിൽ അഭൂതപൂർവമായ മുന്നേറ്റത്തിന് വഴിയൊരുക്കും.
ജനറേറ്റീവ് എഐയെ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ഉൾച്ചേർക്കുന്നതിലൂടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകുന്നതിനും നമ്മുടെ ഭാവിതലമുറ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടുന്നതിന് പ്രാപ്തരാകുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗതികോർജം ലഭ്യമാകും എന്നാണ് പ്രതീക്ഷ.
‘ജനറേറ്റീവ് എ.ഐയും ഭാവി വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ ഐ.എച്ച്.ആർ.ഡി സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി തിരുവനന്തപുരത്ത് ഐ.എം.ജിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ്‌ ഇതിൽ ഒരു നാഴികക്കല്ലാവും. ദേശീയ അന്തർദേശീയ വിദഗ്ദരും നയ രൂപീകരണത്തിന് ചുക്കാൻ പിടിക്കുന്നവരും വ്യവസായ പ്രമുഖരും കോൺക്ലേവിൽ ഒത്തു ചേരും. നിർമ്മിത ബുദ്ധിയുടെ ശക്തി സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകൾക്കും ശ്രമങ്ങൾക്കും കോൺക്ലേവിൽ തുടക്കമിടും.
ഡൈനാമിക് പാനൽ ചർച്ചയാണ് കോൺക്ലേവിന്റെ ഒരു പ്രധാന ഹൈലൈറ്റ്. അക്കാദമിക് വിദഗ്ധർ, നയനിർമ്മാതാക്കൾ, ഭരണാധികാരികൾ എന്നിവരൊരുമിച്ച് സമഗ്ര സംവാദത്തിൽ ഭാഗഭാക്കാകും. കോൺക്ലേവിന് മുന്നോടിയായി, കേരളത്തിലെ വിവിധ ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ എഐ-തീം സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെയുള്ള പ്രീ-കോൺക്ലേവ് പ്രവർത്തനങ്ങളുടെ പരമ്പര ഒരുക്കും.
ഫാക്കൽറ്റി, വിദ്യാർത്ഥികൾ, വ്യവസായ പ്രൊഫഷണലുകൾ, നയരൂപകർത്താക്കൾ തുടങ്ങി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ കോൺക്ലേവ് പ്രതീക്ഷിക്കുന്നുണ്ട്. കാമ്പസിൽ 150 പങ്കാളികളും രജിസ്ട്രേഷനിലൂടെ ഓൺലൈൻ പ്രേക്ഷകരും ചേരും. പ്രേക്ഷകർക്കും പങ്കാളിത്തം വഹിയ്ക്കാൻ കഴിയുംവിധം ഹൈബ്രിഡ് മോഡിലാണ് കോൺക്ലേവിന്റെ രൂപകല്പന.
ഈ മേഖലയിലെ ഏവരുടെയും സവിശേഷ ശ്രദ്ധ കോൺക്ലേവിലേക്ക് ക്ഷണിക്കുന്നു.