"Visat"-a satellite with only women participation

“വിസാറ്റ്”-വനിതകളുടെ മാത്രം പങ്കാളിത്തത്തോടെ ഒരു സാറ്റലൈറ്റ്‌

വനിതകളുടെ മാത്രം പങ്കാളിത്തത്തോടെ ഒരു സാറ്റലൈറ്റ്‌ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ഐ എസ് ആർ ഒ – നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട്..
തിരുവനന്തപുരം എൽ ബി എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് സ്വന്തമായി നിർമ്മിച്ച വിമൺ എൻജിനീയേർഡ് സാറ്റലൈറ്റ് “വിസാറ്റ്” വിക്ഷേപണത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ്.
അസി.പ്രൊഫസർ ഡോ.ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ കോളേജിലെ സ്പെയ്സ് ക്ലബ്ബിൽ അംഗങ്ങളായ വിദ്യാർത്ഥിനികളുടെ മൂന്നുവർഷത്തെ നിരന്തര അധ്വാനത്തിന്റെ ഫലമാണ് ഈ അഭിമാന നേട്ടം.
ക്യാമ്പസ്സിൽ വച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം. പിന്നീട് വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ നിർമ്മാണം പൂർത്തീകരിച്ചു. ബഹിരാകാശത്തിലെയും അന്തരീക്ഷത്തിലെയും അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത അളക്കുകയും അത്തരം വികിരണങ്ങൾ കേരളത്തിന്റെ ഉഷ്‌ണതരംഗത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയുമാണ് സാറ്റലൈറ്റിന്റെ ദൗത്യം. വിവരങ്ങൾ വിലയിരുത്തി നിഗമനങ്ങളിൽ എത്താൻ ക്യാമ്പസിൽ ഗ്രൗണ്ട് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
ഐ എസ് ആർ ഒ യുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ നവംബറിൽ ശ്രീഹരി കോട്ടയിൽ നിന്ന് പിഎസ് എൽവി ദൗത്യത്തിന്റെ ഭാഗമായി “വിസാറ്റ്” കുതിച്ചുയരും.
വിദ്യാർത്ഥികൾ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം എന്ന വിശേഷണത്തിന് പുറമെ
പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റായ വിസാറ്റ് ലോകത്തിനു മുന്നിൽ മറ്റൊരു മാതൃക തീർക്കുകയാണ്.