Action plan for the elderly in consultation

വയോജനങ്ങൾക്കായി കർമ്മപദ്ധതി ആലോചനയിൽ

വയോജനങ്ങൾക്കായി സംസ്ഥാന തലത്തിൽ കർമ്മപദ്ധതി (സ്റ്റേറ്റ് ആക്ഷൻ പ്ലാൻ) രൂപീകരിക്കുന്ന കാര്യം പരിശോധിക്കാൻ സംസ്ഥാന വയോജന കൗൺസിൽ യോഗത്തിൽ തീരുമാനമായി. പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാന വയോജന കൗൺസിലിന്റെ ആദ്യയോഗത്തിലാണ് തീരുമാനം. വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കൂടുതൽ ആവശ്യങ്ങൾക്കും കൂടുതൽ പേർക്കും ലഭ്യമാക്കൽ ലക്ഷ്യമിട്ടാണ് പ്രത്യേക കർമ്മപദ്ധതി.

സംസ്ഥാന വയോജനനയം പുതുക്കാനുളള നടപടികൾ ത്വരിതപ്പെടുത്തും. വയോജന ഗ്രാമസഭകൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിളിച്ചു ചേർക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കും. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന് വീണ്ടും കത്ത് നൽകാനും യോഗത്തിൽ ധാരണയായി.

വയോജനങ്ങൾക്കായുള്ള പെയ്ഡ് ഹോമുകളുടെ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിൽ കൊണ്ടുവരും. അത്തരം ഹോമുകൾ രജിസ്റ്റർ ചെയ്യുന്നതടക്കം വയോജന മേഖലയിൽ ഉയർന്നിട്ടുള്ള മറ്റു വിഷയങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള സമഗ്രമായ നിയമനിർമ്മാണവും പരിശോധിച്ചു വരികയാണ്.