Niche - Launches online journal

നിഷ് –  ഓൺലൈൻ ജേണൽ പുറത്തിറക്കുന്നു

ഭിന്നശേഷി മേഖലയിലെ വിദഗ്‌ധർക്ക് അവരുടെ നൂതന ഗവേഷണങ്ങളും പഠനങ്ങളും മറ്റു വിദഗ്‌ധരുമായി പങ്കുവയ്ക്കാനും ചർച്ച ചെയ്യാനും അതിലൂടെ ഉന്നതമായ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കാനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗ് – നിഷ് – ഒരു ഓൺലൈൻ ജേണൽ പുറത്തിറക്കുകയാണ് – ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെ.ആർ.എസ്.ഡി.എസ്).

പുനരധിവാസ ശാസ്ത്രത്തിലും ഭിന്നശേഷി പഠനത്തിലും ഒരു പ്രധാന നാഴികക്കല്ലായാണ് ഈ ജേണൽ ആരംഭിക്കുന്നത്. മേഖലയിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങളും ദീർഘവീക്ഷണങ്ങളും പങ്കുവയ്ക്കാനുള്ള പ്രമുഖ വേദിയാകും ഇത്. വൈവിധ്യമാർന്ന ഉള്ളടക്കം, വിദഗ്‌ധരുടെ സംഭാവനകൾ, അന്തർദേശീയ നിലവാരത്തിലൂന്നിയ കർശനമായ അവലോകന പ്രക്രിയ, പ്രായോഗിക തലങ്ങൾക്ക് നൽകുന്ന പ്രാമുഖ്യം എന്നിവ ജേണലിൻ്റെ പ്രത്യേകതകളാകും. വിദഗ്‌ധർക്കും ഗവേഷകർക്കും അവരുടെ ലേഖനങ്ങൾ തീർത്തും സൗജന്യമായി ഈ പ്ലാറ്റ്ഫോമിലൂടെ പ്രസിദ്ധീകരിക്കാൻ സാധിക്കും എന്ന സവിശേഷതയുമുണ്ട്.

ഭിന്നശേഷി, വിദ്യാഭ്യാസം, പുനരധിവാസ ശാസ്ത്രം എന്നിവയിലെ വിവിധ മേഖലകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് പ്രധാനമായും ജേണൽ ഊന്നുക. പുനരധിവാസ ശാസ്ത്രം (ഓഡിയോളജി, സ്‌പീച്ച് ലാംഗ്വേജ്, പാത്തോളജി, സൈക്കോളജി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ഓർത്തോട്ടിക്, പ്രോസ്മെറ്റിക്‌സ് തുടങ്ങിയവ), സ്പെഷ്യൽ എഡ്യൂക്കേഷൻ, അസിസ്റ്റീവ് ടെക്നോളജി, ഡിസെബിലിറ്റി അസസ്മെൻ്റ്, ഡിസെബിലിറ്റി പ്രിവൻഷൻ, ഇൻക്ലൂസീവ് എജ്യുക്കേഷൻ, സോഷ്യൽ വർക്ക്, ഭിന്നശേഷിയും ലിംഗഭേദവും, ഭിന്നശേഷി നിയമനിർമാണവും നയങ്ങളും എന്നിവയ്ക്ക് ജെ.ആർ.എസ്.ഡി.എസ് പ്രാധാന്യം നൽകും.

ശാസ്ത്രനിബന്ധനകളും, ഇന്റർനാഷണൽ എഡിറ്റോറിയൽ മാനദണ്ഡങ്ങളും പാലിച്ചാണ് ഓരോ ഉള്ളടക്കവും പ്രസിദ്ധപ്പെടുത്തുക. ലേഖകർ തയ്യാറാക്കിയ പ്രബന്ധങ്ങൾ അതാത് മേഖലകളിലെ സമർത്ഥർ പലതവണ അവലോകനം നടത്തിയാണ് പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കുക. ഇത് ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. വർഷത്തിൽ ഏപ്രിലിലും ഒക്ടോബറിലും പ്രസിദ്ധീകരിക്കുന്ന ദ്വൈവാർഷിക പതിപ്പായാണ് ജേണൽ പുറത്തിറക്കുക. എല്ലാവർക്കും സൗജന്യമായി ജേണൽ പ്രാപ്യമാകും.

കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ നിഷ് കൈവരിച്ച നേ‍ട്ടങ്ങളിലെ ഏറ്റവും ഗൗരവതരമായ അക്കാദമിക സംഭാവനയാണ് ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെ.ആർ.എസ്.ഡി.എസ്) 

ഭിന്നശേഷി വളരെ നേരത്തെ തന്നെ തിരിച്ചറിയുക, പുനരധിവാസ നടപടികൾക്കായി വേണ്ട ഇടപെടലുകൾ നടത്തുക, ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസം, ഭിന്നശേഷി മേഖലയിലെ മാനവവിഭവശേഷി വർദ്ധന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ ഒരു സ്ഥാപനമാണ് നിഷ്. 1997-ൽ ആരംഭിച്ചത് മുതൽ, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ നിഷ് കാര്യമായ സംഭാവനകൾ നൽകുകയും സംസ്ഥാനത്തുടനീളമുള്ള ഭിന്നശേഷിക്കാരായ ജനങ്ങൾക്കായി വിവിധ പരിപാടികൾ നടപ്പിലാക്കുന്നതിൽ ഒരു മുൻനിരയിൽ പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന കഴിവുകളുള്ള വിദ്യാർത്ഥികളും സ്റ്റാഫുകളുമുള്ള ഒരു ഇൻക്ലൂസീവ് കാമ്പസ് നിഷിന് ഉണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ താഴെപ്പറയുന്ന നേട്ടങ്ങൾ നിഷിന് കൈവരിക്കാനായി:

● ഐസിഎംആർ -ൻറെ ധനസഹായത്തോടെ ഐഐടി ഡൽഹിയുമായി സഹകരിച്ച് നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി ആരംഭിച്ചു.
● സെൻസറി പാർക്ക്, സഫൽ സെൻസോറിയം പൂർത്തിയാക്കി.
● സെൻറർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെൻറ് (CCMD) രൂപീകരിച്ചു.
● SPIDA യുടെ ധനസഹായത്തോടെ ശ്രവണ സംസാര ഭിന്നശേഷിക്കാർക്കായി കംപ്യൂട്ടർ സെൻറർ വിപുലീകരിച്ചു.
● സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസ് (സിആർസിഎസ്) സ്ഥാപിച്ചു.
● ഡിസെബിലിറ്റി സയൻ്റിഫിക് റിസർച്ച് സെൽ രൂപീകരിച്ചു.
● സംസ്ഥാനത്ത് അസിസ്റ്റീവ് ടെക്നോളജി മേഖലയിൽ ഡിപ്പാർട്ട്മെൻറ് മാതൃകയിൽ ആദ്യ പദ്ധതി രൂപീകരിച്ചു.
● ഭിന്നശേഷി സേവനത്തിനായി ടെലി റിഹാബിലിറ്റേഷൻ യൂണിറ്റ് ആരംഭിച്ചു.
● ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും, ഭിന്നശേഷി അവബോധ പരിപാടികൾക്കുമായി കേരളത്തിലെ ആദ്യഓഡിയോ വിഷ്വൽ സ്റ്റുഡിയോ സജ്ജീകരിച്ചു.
● ഇന്ത്യാഗവൺമെൻറിൻറെ SIPDA സ്കീമിലൂടെ 1.49 കോടി രൂപ ചിലവിട്ട് കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബാരിയർ ഫ്രീ കാംപസ് ഒരുക്കി.
● അസിസ്റ്റീവ് ടെക്നോളജിയിൽ ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.
● കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 4 വർഷത്തെ അക്കാദമിക് കോഴ്സായ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി (BOT) പ്രോഗ്രാം ആരംഭിച്ചു.
● ശ്രവണ സംസാര ഭിന്നശേഷിക്കാർക്കായി കേരളത്തിലെ ആദ്യ ഹയർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പ്രോഗ്രാം തുടങ്ങി.
● എംഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാമിന് എൻ ഒ സി ലഭിച്ചു.
● എംഎസ്‌സി ഓഡിയോളജി, എംഎസ്‌സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി പ്രോഗ്രാമുകൾ ആരംഭിച്ചു.
● അസിസ്റ്റീവ് ടെക്നോളജിയിൽ ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.
● ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വിജ്, ഡിപ്ലോമാ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വിജ് എന്നീ കോഴ്സുകൾ ആരംഭിച്ചു
● ശ്രവണ സംസാര ഭിന്നശേഷിക്കാർക്കായി കേരളത്തിലെ ആദ്യ ഹയർ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പ്രോഗ്രാം തുടങ്ങി.
● ഏർലി ഇൻറൻവെൻഷൻ വിഭാഗത്തിൽ ദ്വിഭാഷാ പഠന പ്രോഗ്രാം ആരംഭിച്ചു
● സംസ്ഥാനത്തുടനീളമുള്ള വ്യക്തികൾക്ക് പ്രയോജനപ്പെടുന്ന ശ്രവണസഹായി വിതരണത്തിനായി ADIP പദ്ധതി നടപ്പിലാക്കി.
● ഓൺലൈൻ ഇൻററാക്ടീവ് ഡിസെബിലിറ്റി ബോധവൽക്കരണ സെമിനാർ (നിഡാസ്) ആരംഭിച്ചു.
● സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രവർത്തനപരമായ ആവശ്യകതകൾക്കും ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി RPwD പദ്ധതി ആരംഭിച്ചു.
● ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ മാനസികക്ഷേമത്തിനായി Structured and Timely Empowerment Program for Parents of Persons with Disabilities (STEPPഎന്ന പദ്ധതി ആരംഭിച്ചു.
● ഭിന്നശേഷിക്കാരിൽ സംരംഭകത്വം വളർത്താനും, നൂതന ആശയങ്ങൾ വികസിപ്പിക്കാനുമായി I-YwD പദ്ധതി നടപ്പിലാക്കി വരുന്നു.
● എസ്‌ജെഡിയും സംസ്ഥാന ആസൂത്രണ ബോർഡും ഉൾപ്പെടുന്ന വയോജന സംരക്ഷണ പദ്ധതി അവതരിപ്പിച്ചു.
● സാമൂഹ്യനീതി വകുപ്പിൻറെ ധനസഹായത്തോടെ വിവിധ ഭിന്നശേഷികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മൂന്ന് അക്കാഡമിക് ബുക്കുകൾ പ്രസിദ്ധീകരിച്ചു.
● എതൊരു ഭിന്നശേഷിക്കും പ്രാപ്യമായ കഥാപുസ്തകങ്ങൾ നിർമ്മിച്ചു (Accessible Book Creation).
● ശ്രവണപരിമിതർക്കായി മലയാളത്തിലെ ആദ്യ ഏകീകൃത ആംഗ്യ ഭാഷാ ലിപി രൂപപ്പെടുത്തി.
● പ്രകാശരേഖ എന്ന പേരിൽ ഭിന്നശേഷി ബോധവൽക്കരണ പരമ്പര ആരംഭിച്ചു.
● കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച്, ഭിന്നശേഷിക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹെൽപ് ലൈൻ സജ്ജീകരിച്ചു.
● B++ സർട്ടിഫിക്കേഷനോടെ NAAC അക്രഡിറ്റേഷൻ നേടി.
● കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ് ആൻഡ് ഓഡിയോളജിക്കൽ പ്രാക്ടീസ് (ICCAP) എന്ന് വിഷയത്തിൽ ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
● 2021-ൽ സർക്കാർ തലത്തിൽ ഏറ്റവും മികച്ച സഹായ സാങ്കേതിക ഉപകരണ വികസന പദ്ധതിക്ക് അസിസ്റ്റ് ടെക് ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.
● ഒരു അസിസ്റ്റീവ് ടെക്നോളജി നീഡ് അസസ്മെൻറ് സെൽ (ATNAC) വികസിപ്പിച്ചെടുത്തു.
● വിവിധ ഭിന്നശേഷികൾക്കും വികസന കാലതാമസത്തിനും പ്രത്യേക യൂണിറ്റുകൾ സ്ഥാപിച്ചു.

-വെസ്റ്റിബുലാർ സയൻസസ് ലാബ്
-പീഡിയാട്രിക് ഹാബിലിറ്റേഷൻ
-വോയ്സ് കെയർ യൂണിറ്റ്
-യൂണിറ്റ് ഫോർ റിസോണൻസ് ഡിസോർഡർ
-ചൈൽഡ് ലാംഗ്വിജ് ഡിസോർഡർ യൂണിറ്റ്
-ഗ്ലോബൽ ഡെവലപ്മെന്റൽ ഡിലെ യൂണിറ്റ്
-പീഡിയാട്രിക് ന്യൂറോജനിക് സ്പീച്ച് ആൻഡ് സോളോയിംഗ് യൂണിറ്റ്
-ലാംഗ്വേജ് & ലിറ്ററസി എൻഹാൻസ്മെൻറ് ആൻഡ് റിസെർച്ച് നെറ്റ് ലാബ്
-പീഡിയാട്രിക് ഒക്കുപേഷണൽ തെറാപ്പി സെൻസറി ഇൻറഗ്രേഷൻ യൂണിറ്റ്
-ഓർത്തോ &ന്യൂറോളജിക്കൽ ഒക്കുപേഷണൽ തെറാപ്പി യൂണിറ്റ്
-OT ഡിസ്ഫാഷ്യ യൂണിറ്റ്-സ്വോളോയിംഗ്
-OT ഹാൻഡ് /സ്പിന്റിംഗ് യൂണിറ്റ്
-OT സീറ്റിംഗ് & മൊബിലിറ്റി യൂണിറ്റ്
-കൊഗ്നിറ്റോ കാനി കിഡ്സ് യൂണിറ്റ്
-പെപ് അപ് ഫോർചിൽഡ്രൻ വിത് എ എസ് ഡി.
-ഓറൽ തെറാപ്പി പ്ലേസ്മെൻറ് യൂണിറ്റ്.
-തെറാറ്റോഗ് യൂണിറ്റ്
തുടങ്ങിയവ ആരംഭിച്ചു.

● ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ സയൻസ് (HI), ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (HI), ബാച്ചിലർ ഓഫ് കൊമേഴ്‌സ് (HI) എന്നിവയുൾപ്പെടെ, ബധിരർക്കും കേൾവിക്കുറവുള്ളവർക്കും വേണ്ടിയുള്ള പ്രത്യേക ബിരുദ കോഴ്‌സുകൾ തുടങ്ങി
● ഫെഡറൽ ബാങ്ക് CSR ധനസഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ സമഗ്രമായ അസിസ്റ്റീവ് ടെക്നോളജി സെൻ്റർ NISH സ്ഥാപിച്ചു (നാഷണൽ സെൻ്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി ആൻഡ് സെൻ്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി & ഇന്നൊവേഷൻ (ICMR-NCAHT & CATI))
● ആംഗ്യഭാഷയിൽ മലയാളം അക്ഷരമാല പുറത്തിറക്കി.
● കേരള ഡെവലപ്‌മെൻറ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻറെ (കെ-ഡിഎസ്‌സി) പിന്തുണയോടെ ഭിന്നശേഷിയുള്ള യുവാക്കൾക്കായി ഒരു ഇൻക്ലൂസീവ് ഇന്നൊവേഷൻ ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്ന “ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്” (I-YwD) പ്രോജക്ടിന് നിഷ് നേതൃത്വം നൽകുന്നു.
● ഏതൊരു ഭിന്നശേഷിക്കും പ്രാപ്യമായ കഥാബുക്കുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചു.

സുപ്രധാന പഠന-നിരീക്ഷണങ്ങൾ ഉൾപ്പെട്ടതാണ് ആദ്യലക്കം ജേണൽ:

1. ഓഡിറ്ററി സ്റ്റെഡി സ്റ്റേറ്റ് റെസ്പോൺസ് ഉപയോഗിച്ച് അഗാധമായ കേൾവി നഷ്ടമുള്ള ചെവികളിൽ ശേഷിക്കുന്ന കേൾവിയുടെ ഏകദേശ കണക്ക് വിലയിരുത്താൻ സാധിക്കും. ഏതുതരം കേൾവിക്കുറവുള്ള കുട്ടികൾക്കും ഈ സംവിധാനം പ്രയോജനപ്രദമാണെന്ന് പ്രബന്ധത്തിലെ പഠനം വ്യക്തമാക്കുന്നു.

2. ദ്വിഭാഷ ഉപയോഗിക്കുന്ന – അതായത് ആംഗ്യഭാഷയും എഴുത്തുഭാഷയും ഉപയോഗിക്കുന്ന – കുട്ടികളിലെ വ്യാകരണവും വാക്യഘടനയും വികസിപ്പിക്കാനുള്ള വിദഗ്ദ്ധരുടെ പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

3. കോക്ലിയർ ഇമ്പ്ലാന്റ് ചെയ്ത കുട്ടികളുടെ കേൾവിയുടെ തോത് വ്യത്യസ്ത സാഹചര്യങ്ങളിൽ വിദഗ്ധർ പഠനവിധേയമാക്കിയിരുന്നു. പ്രതികൂല സാഹചര്യങ്ങളിൽ ഏതു പുനരധിവാസ രീതികളും ഏതുതരം പരിശീലനങ്ങളും ആണ് നൽകേണ്ടതെന്നും വെളിവാക്കുന്നു.

4. പക്ഷാഘാതം, തലച്ചോറിനേറ്റ ക്ഷതങ്ങൾ എന്നിവ മൂലം ആശയവിനിമയത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നവരുടെ പുനരധിവാസം ചർച്ച ചെയ്യുന്നു.

5. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികളിലെ ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ, ഇന്ദ്രിയങ്ങളും ശരീരാവയവങ്ങളും ഏകോപിച്ചു പ്രവർത്തിക്കാനാകാത്ത അവസ്ഥ എന്നീ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുകയും മതിയായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

6. പാർക്കിൻസൺസ് രോഗിയുടെ സംസാരഭാഷ, ബുദ്ധി എന്നിവ മെച്ചപ്പെടുത്താൻ ഓറൽ പ്ലേസ്മെൻ്റ് തെറാപ്പി ടൂളുകളുടെയും പരമ്പരാഗത സ്പീച്ച് തെറാപ്പിയുടെയും സംയോജിത പരിശീലനം കൂടുതൽ ഫലപ്രാപ്തി തരുമെന്നു പഠനം പറയുന്നു.

7. മസ്തിഷ്‌കാഘാതം ഉണ്ടായ വ്യക്തികളുടെ സംസാരഭാഷ പ്രശ്നങ്ങൾ വിലയിരുത്തി, പുനരധിവാസ മാർഗ്ഗങ്ങൾ വിശകലനം ചെയ്യുന്നു. സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുകൾക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകാനുതകുന്നതാകും ഈ പഠനം.

8. ഏർലി ഇന്റർവെൻഷൻ ലഭിച്ചിട്ടില്ലാത്ത ബധിരരായ മുതിർന്ന കുട്ടികളിൽ ഭാഷവികസനം, ആശയവിനിമയവികാസം എന്നിവയുടെ സാധ്യതകളും അവയ്ക്ക് വേണ്ട രീതികളും വ്യക്തമാക്കുന്ന പഠനം.

ഭിന്നശേഷിവ്യക്തികളുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്താനും അവരുടെ പുരോഗതിക്ക് സംഭാവന നൽകാനുമാണ് ജേണൽ പുറത്തിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിതനിലവാരം ഉയർത്താനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഗവേഷകരുടെയും പരിശീലകരുടെയും നയരൂപീകരണ വിദഗ്ധരുടെയും സംഭാവനകളും പ്രതീക്ഷിക്കുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവരുൾപ്പെടുന്ന ഒരു സംയോജിത സമൂഹത്തിൻ്റെ ക്ഷേമത്തിനും ഉതകുന്ന ഈ സംരംഭത്തിൻ്റെ വിജയകരമായ മുന്നേറ്റത്തിന് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും സഹകരണം ഉണ്ടാവണം.