Munnar will be transformed into an educational hub

മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും

മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. പ്രളയത്തിൽ തകർന്ന സർക്കാർ ആർട്സ് കോളേജ് പുനർ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. 2018 ലെ പ്രളയത്തിലാണ് കോളേജ് ഇരുന്ന പ്രദേശവും അക്കാദമിക് ബ്ലോക്കും പ്രിൻസിപ്പൽ കോട്ടേഴ്സുൾപ്പടെയുള്ള കെട്ടിടങ്ങൾ ഇടിഞ്ഞുപോയത്.

ഇപ്പോൾ കോളേജ് പ്രവർത്തിക്കുന്ന ഡിറ്റിപിസി ബഡ്ജറ്റ് ഹോട്ടൽ കെട്ടിടവും സമീപത്തെ ഭൂമിയും മൂന്നാർ കോളേജിനായി ഏറ്റെടുക്കുകയും ഇതിനു പകരമായി ഉരുൾപൊട്ടലിൽ തകർന്ന പഴയ മൂന്നാർ ഗവൺമെന്റ് കോളേജിന്റെ ഭൂമി ഡിറ്റിപിസി ഏറ്റെടുക്കുകയും ചെയ്യും.

ഇതോടൊപ്പം മൂന്നാർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിന്റെ ആൺകുട്ടികളുടെ ഹോസ്റ്റൽ ഭൂമിയും താൽക്കാലികമായി മൂന്നാർ കോളേജ് ഏറ്റെടുക്കും. നിലവിൽ എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അവിടെനിന്നും മാറ്റി ഇപ്പോൾ മൂന്നാർ കോളേജ് പ്രവർത്തിക്കുന്ന ഡിടിപിസിയുടെ ബഡ്ജറ്റ് ഹോട്ടലിന് സമീപം മോഡുലാർ ബിൽഡിങ് ഒരുക്കി താൽക്കാലിക സംവിധാനം തയ്യാറാക്കും. ഇതോടെ മൂന്നാർ കോളേജിലെ പ്രവർത്തനം വർഷങ്ങൾക്കുശേഷം ഒരിടത്താകും. പത്ത് ഏക്കർ ഭൂമിയെങ്കിലും ഒരുക്കിയാലെ റൂസ (RUSA) മോഡൽ കോളേജായി മൂന്നാർ കോളേജിന് മാറാൻ കഴിയൂ. നിലവിൽ 69 ഒന്നാംവർഷ വിദ്യാർഥികൾ ഉൾപ്പെടെ 190 വിദ്യാർഥികളാണ് കോളേജിൽ പഠനം നടത്തുന്നത്. നിലവിലെ ബി എ തമിഴ്, ബി എ എക്കണോമിക്സ്, ബികോം, ബി.എസ്.സി ഗണിതം, എം എ തമിഴ്, എം എ എക്കണോമിക്സ്, എം കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്സും, ടൂറിസം, ഫുഡ് ടെക്നോളജി തുടങ്ങിയ പുതിയ കോഴ്സുകളും മൂന്നാർ കോളേജിൽ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുകയാണ്.