Section 8 Formation of Company

സാങ്കേതിക സർവകലാശാല: 4 പദ്ധതികൾ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരള സർക്കാരിൻ്റെ നാലാം 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല നടപ്പിലാക്കുന്ന നാല് ബൃഹത് പദ്ധതികളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായിവിജയൻ ഒക്ടോബർ പത്തിന് വൈകിട്ട് മൂന്നരക്ക് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.

സർവകലാശാലയുടെ പഠനവകുപ്പുകൾ, ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണം, സെക്ഷൻ 8 കമ്പനി രൂപീകരണം, സോഫ്റ്റ്‌വെയർ ഡെവലൊപ്മെന്റ് സെന്റർ എന്നീ നാല് പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിൽ വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാതിഥി ആയിരിക്കും.

പദ്ധതികളെക്കുറിച്ചുള്ള ലഖുവിവരണം

പഠന സ്‌കൂളുകൾ
ഈ വർഷം മുതൽ എം ടെക്കിൽ സ്വന്തമായ സ്‌കൂളുകൾ ആരംഭിക്കുകയാണ് സാങ്കേതിക സർവകലാശാല. സ്‌കൂൾ ഓഫ് എലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്നോളജി, സ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയാണ് ഈ നാല് സ്‌കൂളുകൾ. ഈ സ്കൂളുകളിലായി നാല് പഠന ശാഖകളിലാണ് എം ടെക് കോഴ്സുകൾ ലഭ്യമാക്കുന്നത്. എലെക്ട്രിക്കൽ വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജീസ്, ഇൻഫ്രാസ്റ്റ്ക്ച്ചർ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ എം ടെക് പഠനം സാധ്യമാകുന്നത്.

ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ

ഐ ടി, ഡിജിറ്റൽ മേഖലകളിൽ ഗവേഷണ-നൈപുണ്യ പരിശീലനവും നേതൃത്വവും നൽകുക, വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ ഉൽപ്പന്നങ്ങളും പരിഹാരമാർഗ്ഗങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിതമായവയാണ് സെൻ്റർ ഓഫ് എക്‌സലൻസ് അഥവാ മികവിന്റെ കേന്ദ്രങ്ങൾ. സാങ്കേതിക സർവകലാശാലയുടെ കീഴിൽ നിലവിൽ മൂന്ന് സെൻ്റർസ് ഓഫ് എക്‌സലൻസ് പ്രവർത്തിച്ച് വരുന്നു.

Sustainability Engineering and Carbon Neutrality എന്ന മേഖലകളിൽ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, എമർജിംഗ് മെറ്റീരിയലുകളും ഇൻഫ്രാസ്ട്രക്ചറും എന്ന മേഖലയിൽ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നീ മേഖലകളിൽ എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജ് എന്നീ മികവിന്റെ കേന്ദ്രങ്ങളിലാണ് ഗവേഷണ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഈ കേന്ദ്രങ്ങളിലെ ഗവേഷണ പ്രക്രിയകളിൽ ഉരുത്തിരിയുന്ന കണ്ടെത്തലുകളും ആശയങ്ങളും പരിഹാരങ്ങളൂം ദൈനദിന ജീവിതത്തിൽ മാറ്റം വരുത്തുന്ന, വ്യവസായ മേഖലക്ക് ഗുണകരമാകുന്ന ഉത്പന്നങ്ങളായും നിർമ്മിക്കുവാൻ സഹായിക്കുന്ന ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് പ്രവർത്തനമാരംഭിക്കും. ട്രാന്സലേഷണൽ റിസർച്ച് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കിൻഫ്ര പാർക്കിൽ ഉടൻ ആരംഭിക്കുകയാണ്.

സോഫ്ട്‍വെയർ ഡെവലൊപ്മെന്റ് സെന്റർ

സർവകലാശാലക്കാവശ്യമുള്ള തനത് സോഫ്ട്‍വെയറുകൾ വികസിപ്പിക്കുക, വ്യവസായങ്ങൾക്കും കമ്പനികൾക്കും ആവശ്യമായ സോഫ്ട്‍വെയറുകൾ നിർമ്മിച്ച് നൽകുക എന്നതാണ് സോഫ്ട്‍വെയർ ഡെവലൊപ്മെന്റ് സെന്ററിന്റെ രൂപീകരണംകൊണ്ടു ലക്ഷ്യമാക്കുന്നത്.

സെക്ഷൻ 8 കമ്പനി രൂപീകരണം

സമൂഹത്തിൽ പരിവർത്തനപരമായ മാറ്റങ്ങൾ കൊണ്ടുവരാനായി ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സെന്റർ എന്നിവ നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങൾക്കും വിപണന സാധ്യതകൾ കണ്ടെത്താൻ രൂപീകരിക്കപ്പെടുന്നതാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള സെക്ഷൻ 8 കമ്പനി.