udhyama

‘ഉദ്യമ 1.0’

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളിലൂടെ അതിവേഗം കടന്നു പോകുന്ന ഘട്ടത്തിൽ, കാലാനുസൃതമായ വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ കുറയ്ക്കാം എന്നുള്ളതിൽ ഊന്നൽ നൽകി ആയിരിക്കും ഉദ്യമ 1.0 സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺ ക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഇൻഡസ്മറി – ആകാദമിയ – ഗവൺമെന്റ് കോൺക്ലേവ്, ഉദ്യമ 1.0 യുടെ വെബ്സൈറ്റ് പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്തുന്നതിനും കേരളത്തെ ഒരു ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനുമുള്ള അടുത്തഘട്ട കാൽവെപ്പായാണ് ഉദ്യമ ഒരുക്കുന്നത് .

ഡിസംബർ 19, 20 തിയതികളിൽ കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന് പ്രാരംഭമായി ഡിസംബർ 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ‘ഉദ്യമ 1.0’ അരങ്ങേറും. ശാസ്ത്ര-സാങ്കേതിക മേഖലകൾക്ക് പ്രാമുഖ്യം നൽകും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും വ്യവസായ പ്രതിനിധികളും ഉൾപ്പെട്ട പാനലിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് വിഷൻ ഡോക്യുമെന്റ് തയ്യാറാക്കലും നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കലും പരിപാടിയുടെ ഭാഗമായി നടക്കും. വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ സമാഹരണവും പുതിയ സാങ്കേതികവിദ്യകളുടെയും ഉൽപ്പന്നങ്ങളുടെയും രജിസ്‌ട്രേഷനും ഗ്രാമീണ സാങ്കേതികവിദ്യകളുടെ രജിസ്‌ട്രേഷൻ തുടങ്ങിയവയും വെബ്‌സൈറ്റ് വഴി ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എട്ടു സർവ്വകലാശാലകളിലും 864 അഫിലിയേറ്റസ് കോളേജുകളിലും നടപ്പിലാക്കി തുടങ്ങിയ നാലുവർഷത്തെ ബിരുദ പരിപാടിയുടെ (എഫ് യു ജി പി) പുരോഗതി കൊച്ചി സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രർമാർ, പരിക്ഷ കൺട്രോളർ, സിൻഡിക്കേറ്റ് അംഗങ്ങൾ, എന്നിവരുടെ യോഗത്തിൽ ഉന്നതവിദ്യാഭാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി. കേവലം സിലബസ് പൂർത്തീകരിച്ചു പരീക്ഷ നടത്തുകയല്ല ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ ശുപാർശ അനുസരിച്ച് ജ്ഞാനോൽപാദനത്തിനും തൊഴിലിനും നൈപുണ്യത്തിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് നാലുവർഷ ബിരുദം വിഭാവനം ചെയ്തു നടപ്പാക്കുന്നത്.

ഇതിന് നിലവിലെ പഠന രീതികൾ മാത്രമല്ല, പരീക്ഷ മൂല്യനിർണ്ണയ രീതികളിലും കാര്യമായ മാറ്റം ആവശ്യമാണ്. ആശയപരമായും പ്രായോഗികമായും അദ്ധ്യാപകസമൂഹം ഈ മാറ്റത്തെ ഉൾക്കൊള്ളുന്നതിനുള്ള വിപുലമായ പരിശീലന പരിപാടികളാണ് നടത്തുന്നത്.രജിസ്ട്രാർമാരുടെ സമിതി തയ്യാറാക്കിയ ഏകീകൃത അക്കാഡമിക് കലണ്ടർ അനുസരിച്ച് സർവ്വകലാശാലകൾ അക്കാഡമിക്- കലണ്ടർ രൂപീകരിച്ചു കഴിഞ്ഞു.വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ സ്വയംഭരണ കോളേജുകളിലടക്കം ആവശ്യമായ ക്ലാസ് ലഭിച്ചിട്ടുണ്ടോ എന്ന് സർവ്വകലാശാലകൾ പരിശോധിക്കും. നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങൾക്ക് പകരം ക്ലാസ് ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അന്തർ സർവ്വകലാശാല മാറ്റത്തിനും, മറ്റു സർവ്വകലാശാലകളിൽ നിന്ന് കോഴ്‌സ് എടുക്കാനും അവസരം നൽകിക്കൊണ്ടുമാണ് പദ്ധതി നടപ്പാക്കുന്നത്. അതിന് എല്ലാ സർവ്വകലാശാലകളും ഒരേസമയം പരീക്ഷ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.ഇക്കാര്യങ്ങളും, പ്രവേശന പ്രക്രിയ വൈകിയതും കണക്കിലെടുത്ത് ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 5 വരെ തീയതികളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും എഫ് യു ജി പി ഓറിയന്റേഷൻ പ്രോഗ്രാം ഒരുക്കുമെന്നും മന്ത്രി കൂട്ടിചേർത്തു .