Assistive devices were distributed to the differently abled

ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ഉടൻ തയ്യാറാവും

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരങ്ങൾ വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ ഗ്രാമങ്ങൾ ഉടൻ സജ്ജമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു. പെരിന്തൽമണ്ണയിൽ സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും സംയുക്തമായി നടത്തിയ ഭിന്നശേഷി സഹായ ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീവ്രഭിന്നശേഷിയുള്ളവർക്കായി താമസ സൗകര്യവും ആരോഗ്യസംവിധാനങ്ങളും സ്കൂളുകളും ഉൾപ്പടെ വിപുലമായ സംവിധാനത്തോടെയാണ് രാജ്യത്തിനു തന്നെ മാതൃകയായ പുനരധിവാസ ഗ്രാമം ഒരുങ്ങുന്നത്. കുടുംബശ്രീയുടെ മാതൃകയിൽ ഭിന്നശേഷി സ്വയം സഹായ ശൃംഖലകൾ ഉടൻ ആരംഭിക്കും. വരുമാനവും സ്വയം തൊഴിൽ കണ്ടെത്തലും ഇതിലൂടെ സാധ്യമാവും.

ഓഫീസുകൾ, കലാലയങ്ങൾ, മറ്റു പൊതുവിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദ ഇടങ്ങളായി മാറിക്കഴിഞ്ഞു. പുതിയ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കിയാണ് പണിയുന്നത്. പൊതുഗതാഗത സംവിധാനങ്ങളും അങ്ങനെ ആയി മാറുകയും ജനങ്ങളുടെ ഭിന്നശേഷിക്കാരോടുള്ള മനോഭാവത്തിൽ മാറ്റം വരികയും വേണം. സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി ക്ഷേമവകുപ്പും ഇതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.

29 ലക്ഷം രൂപ ചെലവിൽ ‘ശ്രവൺ’ പദ്ധതി പ്രകാരം 18 പേർക്ക് 36 ശ്രവണ സഹായികളും, ‘ഹസ്തദാനം’ പദ്ധതിയിൽ 94 പേർക്ക് 20,000 രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വിതരണവും, ‘ശുഭയാത്ര’പദ്ധതിയിൽ 51 പേർക്ക് 97 സഹായ ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്.