IREL (ഇന്ത്യ) ലിമിറ്റഡുമായി ചേർന്ന് നൈപുണ്യ പരിശീലനത്തിന് ധാരണാപത്രം ഒപ്പുവെച്ച് അസാപ് കേരള
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, കൊല്ലം ജില്ലയിലെ ചവറ IREL (ഇന്ത്യ) ലിമിറ്റഡുമായി സഹകരിച്ച് ഈ വർഷത്തെ നൈപുണ്യ പരിശീലനത്തിന് തുടക്കമാകുന്നു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി IREL ന്റെ ഖനന മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് CSR ഫണ്ട് ഉപയോഗിച്ച് നൈപുണ്യ പരിശീലനം നൽകാനാണ് ധാരണ. അസാപ് കേരള ഇംപ്ലിമെൻറിംഗ് ഏജൻസിയായി നഴ്സിങ് മേഖലയിൽ നിരവധി തൊഴിലവസരങ്ങളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലാണ് പരിശീലനം നൽകുക. 12,00,000 (പന്ത്രണ്ട് ലക്ഷം) രൂപയാണ് IREL(ഇന്ത്യ) ഇതിലേക്കായി മാറ്റി വെച്ചിരിക്കുന്നത്. കേരള ഗവൺമെൻറിൻ്റെ വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അസാപ് കേരള ഈ നൈപുണ്യ പരിശീലനം നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ജനുവരി 23ന് രാവിലെ 11.45 ന് ബഹു:ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ:ആർ.ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ അസാപ് കേരള സി.എം.ഡി ഡോ:ഉഷ ടൈറ്റസും, IREL (ഇന്ത്യ) ലിമിറ്റഡ് ചവറ ജനറൽ മാനേജർ &ഹെഡ് അജിത്ത്.എൻ.എസ്സും കൈമാറി. വിജ്ഞാന കേരളം പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായ IREL നെ ബഹു: മന്ത്രി അഭിനന്ദിച്ചു.