Love Throne against the scourge of addiction

ലഹരിവിപത്തിനെതിരെ സ്നേഹത്തോൺ

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡി നേതൃത്വത്തിൽ സ്നേഹത്തോൺ സംഘടിപ്പിക്കും. മാർച്ച് ഏഴിന് വെള്ളിയാഴ്ചയാണ് വിവിധ നഗരകേന്ദ്രങ്ങളിൽ വിവിധങ്ങളായ പരിപാടികളോടെ സ്നേഹത്തോൺ ഒരുങ്ങുക.

സംസ്ഥാനത്തെ 88 ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിൻ്റെ ഭാഗമായി ലഹരിവ്യാപനത്തിനെതിരെ Run away from Drugs എന്ന പേരിൽ കൂട്ടയോട്ടം നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം പങ്കാളികളാകും. ശേഷം, ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്നേഹമതിൽ തീർക്കും. തുടർന്ന് നൂറു കേന്ദ്രങ്ങളിൽ ഒരുക്കുന്ന സ്നേഹസംഗമത്തിൽ ഉന്നത സാംസ്കാരിക-സാമൂഹിക വ്യക്തിത്വങ്ങൾ വിദ്യാർത്ഥികളുമായി സംവദിയ്ക്കും.

കൂട്ടയോട്ടത്തിൻ്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു കൊല്ലത്ത് നിർവ്വഹിക്കും.

ഏതൊരു നാടിന്റെയും വളർച്ചയ്ക്കും വികസനത്തിനും ഏറ്റവും പ്രധാനം ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ യുവതലമുറയാണ്. രാജ്യത്തിന്റെ സമ്പത്തായ യുവതലമുറ ലഹരി ഉപയോഗത്താൽ നശിക്കുന്നത് കുടുംബങ്ങൾക്കു മാത്രമല്ല, സമൂഹത്തിനാകെ തീരാനഷ്ടമാണ് ഉണ്ടാക്കുന്നത്. ഒരു രാജ്യത്തെ നാശത്തിലേക്കു നയിക്കാൻ എളുപ്പമാർഗ്ഗമാണ് അവിടത്തെ യുവജനതയെ വഴിതെറ്റിക്കുകയെന്നത്.

പൊതുവിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും രാജ്യത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്നാകട്ടെ, നാം ലോകത്തിൻ്റെ തന്നെ ഉന്നതവിദ്യാഭ്യാസ ഹബ്ബാകുന്ന നിലയിലേക്കുള്ള വിപുലമായ പ്രവർത്തനങ്ങളിലാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാസമ്പന്നരായ യുവജനത വഴിതെറ്റുകയെന്നാൽ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാംസ്കാരിക ബൗദ്ധിക പുരോഗതിയ്ക്ക് വിലങ്ങു വരികയാണെന്നുകൂടി കാണണം. മൂന്നാംലോക രാജ്യങ്ങളെ ഇത്തരം ഗൂഢപ്രവർത്തന പദ്ധതികൾക്ക് അരങ്ങാക്കി തകർക്കുന്ന അനുഭവം സാർവ്വദേശീയമായി ചരിത്രത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ടെന്നതും ചേർത്തു വായിക്കണം.

പേരു പോലും പറയാൻ പറ്റാത്തത്ര വിധം നൂറുകണക്കിന് സിന്തറ്റിക് മയക്കുമരുന്നുകൾ വിവിധ രൂപത്തിലും ഭാവത്തിലും ക്യാമ്പസുകളിലടക്കം ഒഴുകിയെത്തുന്നുണ്ട്. യുവജനതയുടെ മനസ്സിലേക്കും അതിലൂടെ അവരുടെ ജീവിതത്തിലേക്കും പെയ്തിറങ്ങുന്ന വിഷമഴയാണിത്. എളുപ്പം ലഭ്യമാകുന്ന വിധത്തിൽ ഇത് വ്യാപിച്ചിട്ടുണ്ട്. സൗഹൃദ അവസരങ്ങളിൽ ഉപയോഗിച്ചു തുടങ്ങുകയും തുടർന്ന് തുടർച്ചയായ ഉപയോഗത്തിലേക്കു നീങ്ങുകയുമാണ് പലപ്പോഴും ഉണ്ടാകുന്നത്. മസ്തിഷ്കത്തെ ലഹരിവസ്തുക്കൾ ബാധിക്കുകയും, അക്രമാസക്തിയും വിവിധ തരം ആരോഗ്യപ്രശ്നങ്ങളും ക്രമേണ ഉടലെടുക്കുകയും ചെയ്യുന്നതാണിതിൻ്റെ തുടർഫലം.

അടുത്തിടെയായി ലഹരിയുപഭോഗത്താൽ അക്രമാസക്തരാകുന്ന യുവതയുടെ എണ്ണം കൂടിവരികയാണെന്നത് നടുക്കമുണർത്തുന്നതാണ്. സ്വന്തം കുടുംബാംഗങ്ങളെയും ഏറ്റവും സ്നേഹിക്കുന്നവരെയും വരെ നിഷ്കരുണം കൊലപ്പെടുത്താൻ ലഹരി ഉപയോക്താക്കൾക്ക് മടികൂടാതെ സാധിക്കുന്നത് കൊച്ചുകേരളത്തിൽ സമീപകാലത്തു നടന്ന അരുംകൊലകളിൽ വ്യക്തമാണ്. പെൺകുട്ടികൾ വരെ ലഹരി മാഫിയയുടെ പിടിയിലാകുന്ന ഭീതിജനകമായ അവസ്ഥ കൂടി സംജാതമാകുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ഉന്നത സാങ്കേതികവിദ്യാഭ്യാസ രംഗത്തെ അഗ്രഗാമികളായ ഐഎച്ച്ആർഡി സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിന് തുടക്കമിടുന്നത്.

കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐ എച്ച് ആർ ഡി വിദ്യാർത്ഥികളും ജീവനക്കാരും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ഉന്നതവ്യക്തിത്വങ്ങൾക്കൊപ്പം Run away from Drugs കൂട്ടയോട്ടത്തിൽ പങ്കാളികളാവും. തുടർന്ന് ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള തുടർ പ്രചാരണപരിപാടികൾക്കും ഐ എച്ച് ആർ ഡി നേതൃത്വം നൽകും.