ലഹരിവിരുദ്ധ ബോധപൂര്‍ണ്ണിമ: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വിപുലമായ കർമ്മപദ്ധതി ആരംഭിച്ചു
ലഹരിയ്ക്കെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ച ബോധപൂർണ്ണിമ സംസ്ഥാനതല കർമ്മ പദ്ധതിയ്ക്ക് കീഴിൽ ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും, സംസ്ഥാനത്തെ കലാലയങ്ങളിൽ വിവിധ കർമ്മപരിപാടികളും ഒരുക്കിയിരിക്കുകയാണ്. ജൂൺ 25ന് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലും 26ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലുമാണ് പരിപാടികൾ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ കർമ്മപദ്ധതിയ്ക്ക് അന്തിമരൂപം നൽകാൻ ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിന്റെ തുടർച്ചയായാണ് സാങ്കേതിക കലാലയങ്ങളിലും മറ്റു കലാലയങ്ങളിലും വിപുലമായ പ്രചാരണപരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്.
ജൂൺ 26ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സർവ്വകലാശാലകളോട് അഫിലിയേറ്റ് ചെയ്ത കലാലയങ്ങളിലും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള കലാലയങ്ങളിലും ലഹരി വിരുദ്ധ ദിനമായി ആഘോഷിക്കും. രാവിലെ 9.30ന് അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവര്‍ അണിനിരന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.
തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ദിനാചരണച്ചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അധ്യക്ഷത വഹിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. സുധീർ ഐ എ എസ് സ്വാഗതം ആശംസിക്കും.
അന്നു വൈകീട്ട് മൂന്നര മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ലഹരിവിരുദ്ധ കര്‍മ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ബഹു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെ കലാലയങ്ങളിൽ ഒരു വർഷം നീളുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കും.
ബഹു. മുഖ്യമന്ത്രി ലഹരിവിരുദ്ധ കര്‍മ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്ന ലഹരിവിരുദ്ധ പ്രതിജ്ഞാ പരിപാടിയും ഓൺലൈനിൽ തത്സമയം വീക്ഷിക്കാനും പങ്കാളികളാവാനും എല്ലാ കലാലയങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
ലഹരി വിരുദ്ധ ദിനത്തിന്റെ പ്രചാരണത്തിന് വിവിധ കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ടീമുകൾ തയ്യാറാക്കി ബസ് സ്റ്റാന്റുകൾ, പ്രധാന ജങ്ഷനുകൾ പോലുള്ള പൊതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ ഫ്ലാഷ് മോബുകൾ നടത്തിവരുന്നുണ്ട്. ലഹരിവിരുദ്ധ ദിനത്തിൽ എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികളുടെ സഭകൾ ചേർന്ന് മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും തടയാൻ ചർച്ചകളും സംഘടിപ്പിക്കും. ലഹരിവിമുക്ത ക്യാമ്പസിനായുള്ള മാസ്റ്റർ പ്ലാൻ എല്ലാ സ്ഥാപനങ്ങളോടും തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തയ്യാറാക്കിയ ഈ മാസ്റ്റർ പ്ലാൻ 26ന് ക്ലാസ്സ് സഭകളിൽ ചർച്ച ചെയ്യും.
ലഹരിവിരുദ്ധ ദിനാചരണത്തിനു ശേഷം കലാലയങ്ങളിൽ സംഘടിപ്പിക്കേണ്ട കര്‍മ്മപരിപാടികള്‍ക്കും രൂപം നൽകിയിട്ടുണ്ട്.
1. ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശന സമയത്ത്,ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നുമുള്ള സത്യവാങ്മൂലം വിദ്യാർത്ഥികളിൽ നിന്നും എഴുതി വാങ്ങി അവരുടെയും രക്ഷാകർത്താക്കളുടെയും ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കും. കോളേജിലെ സീനിയര്‍ വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങി അവരുടെയും രക്ഷാകർത്താക്കളുടെയും ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കും. സത്യവാങ്മൂലത്തിനുള്ള രൂപമാതൃക തയ്യാറാക്കി നൽകിയിട്ടുണ്ട്.
2. ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളിച്ചുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ദിനാചരണത്തിനു പിന്നാലെ ആരംഭിക്കും, പോസ്റ്ററുകൾ, കാർട്ടൂണുകൾ, ട്രോളുകൾ, റീൽസ്, വീഡിയോകൾ എന്നിവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. No To Drugs എന്ന പേരിൽ വെബ് സൈറ്റ്, യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് പേജുകൾ രൂപപ്പെടുത്തി പ്രചരിപ്പിക്കാൻ സംവിധാനമൊരുക്കും.
3. സാഹിത്യ-കലാ പരിപാടികളും ഇതിനായി ഒരുക്കും. കലാലയങ്ങളിൽ കവിതാ പാരായണം, കഥാ പാരായണം, ലഘു നാടകം, സ്കിറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കവിത, കഥ, ലേഖനം, ലഘു നാടകം, പോസ്റ്റർ നിർമ്മാണം, ഹ്രസ്വ ചിത്ര നിർമ്മാണം എന്നിവയിൽ ലഹരി വിരുദ്ധ സന്ദേശം മുൻനിർത്തി മത്സരങ്ങളും ഒരുക്കും.
4. നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ലഹരി വിമുക്തി സേനയുടെ – ആസാദ് സേന – ലഹരിവിരുദ്ധ തുടർ പ്രവർത്തനങ്ങളിൽ നേതൃപങ്ക് വഹിക്കും.
5. എക്സൈസ് വകുപ്പിന്റെ സഹായത്തോടെ എല്ലാ ക്യാമ്പസിലും വിമുക്തി ക്ലബ്ബുകൾ സ്ഥാപിക്കും.
6. (ശ്രദ്ധ, നേർക്കൂട്ടം എന്നീ പരിപാടികൾ സര്‍വ്വകലാശാലകള്‍, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കോളേജുകളിലും ആരംഭിക്കും.
7. ലഹരിവിമുക്ത കോളേജ് സംരക്ഷണ സമിതി എന്ന പേരിൽ കോളേജുകളിലും ലഹരി വിമുക്ത സർവ്വകലാശാലാ കാമ്പസ് സംരക്ഷണ സമിതി എന്ന പേരിൽ സര്‍വകലാശാലകളിലും സ്ഥാപന തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഓരോ മാസവും ജാഗ്രതാസമിതികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. നാഷണൽ സർവ്വീസ് സ്കീം, എൻ സി സി, വിമുക്തി ക്ലബ്, പി ടി എ എന്നിവയുടെ പങ്കാളിത്തം ഇതിൽ ഉറപ്പാക്കും.
8. നാഷണൽ സർവ്വീസ് സ്കീം ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിലും സ്ഥാപനത്തിലും സംവാദ പരിപാടികൾ ഒരുക്കും.
9. ഹോസ്റ്റലുകളിൽ വാർഡൻ ചെയർപേഴ്സണായി ലഹരിവിരുദ്ധ പ്രചാരണത്തിന് ക്ലബ്ബുകൾ രൂപീകരിക്കും. എല്ലാ ഹോസ്റ്റലുകളിലും പരിപാടി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
.
10. സ്ഥാപനം, സർവ്വകലാശാല, സംസ്ഥാനം എന്നീ തലങ്ങളിൽ കവിത, കഥ, ലേഖനം, ലഘു നാടകം എന്നീ രചനാ മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഹ്രസ്വ ചിത്ര നിർമ്മാണം എന്നിവയിൽ മത്സരം തുടങ്ങിയവ ലഹരി വിരുദ്ധ സന്ദേശം മുൻനിർത്തി നടപ്പിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്ന സംസ്ഥാനതല കര്‍മ്മ പദ്ധതി പ്രഖ്യാപനത്തിനു മുന്നോടിയായി ജൂൺ 25ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ ബോധപൂർണിമ നോഡൽ ഓഫീസർമാരുടെ സംസ്ഥാനതല പരിശീലന പരിപാടിയും സമ്പൂർണ്ണ ഹരിതക്യാമ്പസ്സ് പ്രഖ്യാപനവും നടക്കും. തിരുവനന്തപുരം ടാഗോർ തീയറ്ററാണ് വേദി. അടുത്ത അധ്യയനവർഷത്തേക്കുള്ള കർമ്മപദ്ധതിയുടെ പ്രഖ്യാപനവും പരിശീലനപരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ലഹരി വിമുക്തി സേനയായ ആസാദ് സേനയുടെ പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാഭ്യാസ ക്യാമ്പസുകളിൽ ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല പരിശീലന പരിപാടി.
ബഹു. തിരുവനന്തപുരം എം എൽ എ ശ്രീ. ആന്റണി രാജു അധ്യക്ഷത വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി സ്വാഗതം പറയും. ലഹരിവിരുദ്ധ ക്യാമ്പസ് പ്രതിരോധശൃംഖല, ബോധവൽക്കരണ ക്വിസ്, പ്രതിജ്ഞ, ഹെൽപ്പ് ലൈൻ സംവിധാനം, ക്യാമ്പസ് ജാഗ്രതാ സമിതി രൂപീകരണം, കൗൺസലിംഗ് സഹായം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ട കർമ്മ പദ്ധതി നോഡൽ ഓഫീസർ ശ്രീ. ജയൻ പി വിജയൻ അവതരിപ്പിക്കും.
സർക്കാർ /എയിഡഡ്/സെൽഫ് ഫൈനാൻസിംഗ് എഞ്ചിനീയറിങ് കോളേജുകൾ, സർക്കാർ /എയിഡഡ്/സെൽഫ് ഫൈനാൻസിംഗ് പോളിടെക്നിക്ക് കോളേജുകൾ, ടെക്നിക്കൽ ഹൈസ്കൂൾ (ഐ എച്ച് ആർ ഡിയ്ക്ക് കീഴിലുള്ളവയടക്കം), സർക്കാർ കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജുകൾ, ഗവൺമെന്റ് ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളിലെ സ്ഥാപനതല നോഡൽ ഓഫീസർമാരും ആസാദ് സേന വളണ്ടിയർമാരുമാണ് പരിശീലനപരിപാടിയിൽ പങ്കെടുക്കുക.
ശില്പശാലയിൽ ആസാദ് സേനാ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പസ്സുകളിലെ ലഹരി ആഭിമുഖ്യം എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നവിഷയത്തിൽ ഡോ. എൻ. സുഭാഷ്, മെഡിക്കൽ ഓഫീസർ (സൈക്യാട്രി, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) ക്ലാസ് എടുക്കും.
കേരള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ, പോളിടെക്നിക്ക് ക്യാമ്പസ്സുകളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ 101 പോളിടെക്നിക്കുകളിൽ 99 ക്യാമ്പസുകളിലും പദ്ധതി മുന്നേറുകയും അവ ഹരിതകേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .മാതൃകാപരമായ ഈ പ്രവർത്തനങ്ങൾക്ക് പോളിടെക്നിക്കുകളിലെ നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെല്ലിനുള്ള പ്രശംസാപത്രം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി കൈമാറും.