ഭിന്നശേഷി പെൻഷനുള്ള വരുമാന പരിധിയിൽ മാറ്റം വരുത്തുന്നത് പരിശോധിക്കും: മന്ത്രി ഡോ. ആർ ബിന്ദു

—————————

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഭിന്നശേഷി പെൻഷനുള്ള വരുമാന പരിധിയിൽ മാറ്റം വരുത്തുന്നത് പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

നിയമസഭയിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനം എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സർക്കാർ നൽകുന്ന ധനസഹായങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും അത് ഏറ്റവും അർഹിക്കുന്നവരുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ പദ്ധതികൾക്കും അതിനനുസൃതമായ തരത്തിലുള്ള മാനദണ്ഡങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഘടകമാണ്. ഭിന്നശേഷിക്കാർക്കുള്ള പെൻഷനടക്കമുള്ള എല്ലാ സാമൂഹ്യക്ഷേമ പെൻഷനും കഴിയുന്നത്രയും യഥാസമയങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്നതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. നിലവിലുള്ള വാർഷിക വരുമാന പരിധി ഒഴിവാക്കുന്ന വിഷയം തൽക്കാലം സർക്കാരിന്റെ പരിഗണനയിലില്ല. എന്നിരുന്നാലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഭിന്നശേഷി പെൻഷനുള്ള വരുമാന പരിധിയിൽ മാറ്റം വരുത്തുന്ന വിഷയം സർക്കാർ പരിശോധിക്കുന്നതാണ്. ഭിന്നശേഷി വിഭാഗക്കാർക്ക് നിലവിൽ നൽകി വരുന്ന സാമൂഹ്യ ക്ഷേമ പെൻഷന് പുറമേ അർഹതക്ക് വിധേയമായി 600/- രൂപ നിരക്കിൽ മറ്റൊരു സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനയും സാമൂഹ്യനീതി വകുപ്പ് മുഖേനയും പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേനയും അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്/സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളിൽ 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കേൾവി പരിമിതി, കാഴ്ച്ച പരിമിതി, അസ്ഥി സംബന്ധമായപരിമിതി , ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികൾ എന്നീ വിഭാഗങ്ങളിലുള്ള 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിത്ത്വമുള്ള വിദ്യാർത്ഥികൾക്ക് 4000/- രൂപയിൽ കുറയാതെയുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ലഭ്യാമാക്കുന്നുമുണ്ട്.

പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖകൾ അനുസരിച്ച്‌ ഭിന്നശേഷിയുള്ളവർക്കുള്ള സ്കോളർഷിപ്പും ബത്തകളും നൽകുന്നത്‌ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളുമാണ്‌. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന അർഹരായ മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പും ബത്തയും മുടക്കം കൂടാതെ അതത്‌ മാസം നൽകുന്നതിന്‌ ഗ്രാമപഞ്ചായത്തുകളും നഗരഭരണസ്ഥാപനങ്ങളും പ്രോജക്ട്‌ ഏറ്റെടുക്കുന്നതിനും ബ്ലോക്ക്‌/ജില്ലാ പഞ്ചായത്തുകൾ ആസൂത്രണ മാർഗ്ഗരേഖയിൽ പറയുന്ന നിരക്കിൽ വിഹിതം വകയിരുത്തി ഗ്രാമപഞ്ചായത്തുകൾക്ക്‌ കൈമാറുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനു വേണ്ടി സംസ്ഥാനത്തിന്റെ മൂന്നു മേഖലകളിലായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള മൂന്നു പുനരധിവാസ വില്ലേജുകൾ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ വകുപ്പ് തലത്തിൽ ആരംഭിച്ചിരിക്കുകയാണ്. പദ്ധതിക്കായി ഭൂമി വിട്ടു നൽകുവാൻ വിവിധ ജനപ്രതിനിധികൾ സന്നദ്ധത അറിയിക്കുകയും പ്രസ്തുത ഭൂമിയിൽ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ മന്ത്രി തലത്തിൽ നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി അനുയോജ്യമായ ഭൂമി ലഭ്യമാകുന്ന സ്ഥലത്ത്‌ പുനരധിവാസകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഭൂമിയുടെ ലഭ്യതയ്ക്കനുസൃതമായി മൂന്നു മോഡലുകളിലുള്ള പുനരധിവാസഗ്രാമങ്ങൾ ആരംഭിക്കുവാനാണ്‌ സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌.

പുനരധിവാസഗ്രാമങ്ങളിൽ ഉൾപ്പെടുത്തേണ്ട സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഫോർ ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷനിൽ (NIPMR) വച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ശില്പശാല നടത്തുകയും ആയതിന്റെ അടിസ്ഥാനത്തിലുള്ള കരട്‌ രേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ലഭ്യത കൂടി കണക്കിലെടുത്ത് ഓരോ സ്ഥലത്തും അനുയോജ്യമായ രീതിയിലുള്ള പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുന്നതിനാണ് സർക്കാർ ആലോചിച്ചുവരുന്നത്. ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും ഒരു പുനരധിവാസ കേന്ദ്രമെങ്കിലും സ്ഥാപിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി.