ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉറച്ച ഒരു സന്ദേശത്തോടെയാണ് ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയ്ക്ക് തുടക്കമായിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്ക് സാമ്പത്തിക പരാധീനതകളെക്കുറിച്ചുള്ള ചിന്ത വിലങ്ങാവരുതെന്നതാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
‘നിർദ്ദേശങ്ങളിൽ സ്വപ്‌നങ്ങളും ഭാവനയും പ്രതിഫലിക്കണം. അടുത്ത മൂന്നു വർഷംകൊണ്ട് നേടിയെടുക്കേണ്ട മാറ്റങ്ങളും പുരോഗതിയുമാവണം മനസ്സിലുണ്ടാവേണ്ടത്’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ, എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏറ്റവും ഉയർന്ന മികവിലേക്ക് കൊണ്ടുവരാൻ കൂട്ടായ പരിശ്രമത്തിനിറങ്ങാൻ അക്കാദമിക് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകുകയാണ് സംസ്ഥാനസർക്കാർ.
പാഠ്യപദ്ധതി കാലോചിതമാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത എല്ലാവരും പല രീതിയിൽ സൂചിപ്പിച്ചു. തൊഴിൽസേനയിലേക്ക് സംഭാവനചെയ്യൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യമെന്ന ആശയം എല്ലാവരും ഒരേ സ്വരത്തിൽ പ്രതിഫലിപ്പിച്ചത് നിയോലിബറൽ ആശയങ്ങൾക്ക് മേൽക്കൈ ഉണ്ടാക്കാൻ വ്യാപകമായി ശ്രമിക്കുന്ന കാലത്ത് ആവേശകരമാണ്. ജനാധിപത്യബോധവും ശാസ്ത്രാവബോധവും സാംസ്‌കാരികാവബോധവും ഊട്ടിയുറപ്പിക്കുന്നതാവണം പാഠ്യപദ്ധതിയിലെ മാറ്റങ്ങളെന്നു മുഖ്യമന്ത്രി ഇടതുപക്ഷനിലപാട് മാർഗ്ഗനിർദേശമായി അവിടെ അവതരിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ജനങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന തുരുത്തുകളായി നിലനിൽക്കുന്ന സ്ഥിതി മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. തുടങ്ങാൻ പോകുന്ന മുപ്പത് മികവിന്റെ കേന്ദ്രങ്ങളും അരികുവൽക്കരിക്കപ്പെട്ടവർക്കും ഭിന്നശേഷിക്കാരായവർക്കും പ്രാപ്യമാവണമെന്നതിൽ ഈ സർക്കാർ ഒരിളവും നൽകില്ല. ‘ജനാധിപത്യപരവും പരസ്പരം ഉൾക്കൊള്ളുന്നതുമായ സമൂഹനിർമ്മാണം’ – ഉന്നതവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം മുഖ്യമന്ത്രി ഏറ്റവും ചുരുക്കത്തിൽത്തന്നെ പറഞ്ഞു.
വിലകുറഞ്ഞ തൊഴിൽസേനയെ പ്രദാനംചെയ്യൽ അല്ല ഉന്നതവിദ്യാഭ്യാസംകൊണ്ട് കേരളം ലക്ഷ്യംവെക്കുന്നതെന്നു അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. നിയോലിബറൽ ക്രമം സ്ഥാപിച്ചെടുക്കാനുള്ള മണ്ഡലമായി ഉന്നതവിദ്യാഭ്യാസരംഗത്തെ കാണുന്ന രീതി പ്രബലമാവുകയാണല്ലോ. അതിനെ പ്രതിരോധിക്കാൻതന്നെയാണ് ഇടതുപക്ഷസർക്കാർ. അതുകൊണ്ടാണ്, സാമൂഹ്യനീതിയിൽ അധിഷ്ഠിതമാവും ഉന്നതവിദ്യാഭ്യാസമേഖലയിലെ എല്ലാ മാറ്റങ്ങളുമെന്ന് അധ്യക്ഷയെന്നനിലയ്ക്ക് വ്യക്തമാക്കിയത്.
അടിസ്ഥാന വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾക്ക് തുടർച്ചയായി ഉന്നതവിദ്യാഭ്യാസരംഗത്തും കേരളത്തെ ലോകത്തിനു മാതൃകയായി മാറ്റാൻ തന്നെയാണ് സർക്കാർ ഉറച്ചിരിക്കുന്നത്. എന്നാലോ, ഏതു പരിമിതികൾക്കുള്ളിലായാലും വരേണ്യവും വർഗീയവുമായ ആശയങ്ങൾക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇടം നൽകുകയുമില്ല.