ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ട സർവ്വതലസ്പർശിയായ മാറ്റങ്ങൾ ചർച്ചചെയ്താണ് ഉന്നതവിദ്യാഭ്യാസ ശാക്തീകരണശില്പശാല പിരിഞ്ഞിരിക്കുന്നത്. നിലവിൽ നമുക്കുള്ള ശക്തിദൗർബല്യങ്ങളെല്ലാം വിലയിരുത്തി. ഇതൊരു തുടക്കം മാത്രമാണ്.
എൽഡിഎഫ് പ്രകടനപത്രികയിലും കഴിഞ്ഞ സംസ്ഥാനബജറ്റിലും മുന്നോട്ടുവച്ച, അടിയന്തിരമായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന, കാര്യങ്ങളാണ് കരടുരേഖയായി ശില്പശാലയിൽ അവതരിപ്പിച്ചത്. രണ്ടുദിവസവും കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരടക്കമുള്ള വിദ്യാഭ്യാസപ്രവർത്തകർ ആ രേഖയെ ഇഴപിരിച്ചു പരിശോധിച്ചു; വേണ്ട തിരുത്തലുകളും മാറ്റങ്ങളും നിർദ്ദേശിച്ചു. നിർദ്ദേശങ്ങളുടെ ലഘുരൂപം സമാപനസെഷനിൽ അവതരിപ്പിച്ചത് എല്ലാവരും ഒരിക്കൽക്കൂടി കേട്ടു. ബഹുമാനപ്പെട്ട ധനമന്ത്രി കെ എൻ ബാലഗോപാലും, ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ. രാജൻഗുരുക്കളും അവയിൽ കൂടുതൽ വ്യക്തതയുണ്ടാക്കുംവിധം ഇടപെട്ടു.
ഉയർന്ന നിർദ്ദേശങ്ങൾ സമാപനസെഷനിൽ സ്വരൂപിച്ചതോടെ ആ പ്രക്രിയ അവസാനിപ്പിച്ചിട്ടില്ല. ചർച്ചയിലുയർന്നവയിൽ അവതരിപ്പിക്കപ്പെടാതെ പോയതും, കൂടുതൽ ആലോചനയിൽ തെളിയുന്നതുമായ നിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്വീകരിക്കും; അവ ക്രോഡീകരിക്കും. തുടർന്ന് അവയിൽ സർക്കാർ അനന്തരനടപടികൾ കൈക്കൊള്ളും.
സാമ്പത്തികമായ പ്രാരാബ്ധത്തെക്കുറിച്ചുള്ള ചിന്ത പുതിയ ആശയങ്ങൾ മുന്നോട്ടുവെക്കുന്നതിൽ തടസ്സമാവരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഉദ്ഘാടനദിവസത്തെ പ്രചോദിപ്പിച്ചതെങ്കിൽ, സമാപന സെഷനിൽ ധനമന്ത്രി അതിന്റെ തുടർച്ചയായ കാര്യങ്ങൾ പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തികഞെരുക്കത്തിനിടയിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് വേണ്ട സൗകര്യങ്ങളും ആവശ്യമായ നിയമനങ്ങളും സർക്കാർ ഒരുക്കുമെന്നതിനൊപ്പം, സർവ്വകലാശാലകളിൽ ഉണ്ടാകേണ്ട മുൻഗണനകളെപ്പറ്റിയും ധനമന്ത്രി നിർദ്ദേശങ്ങൾ വച്ചു.
പുതിയ ഗവേഷണ പ്രൊജക്ടുകൾ കണ്ടെത്തി ഏറ്റെടുക്കാൻ സർവ്വകലാശാലകളുടെ മുൻകയ്യുണ്ടാവണം. കാർഷികമേഖലയും വ്യവസായമേഖലയുമായി ബന്ധപ്പെടുന്നതരത്തിൽ പഠന-ഗവേഷണപ്രവർത്തനങ്ങൾ വികസിക്കണം. കാർഷിക-നിർമ്മാണമേഖലകൾക്ക് സഹായകമായ ലഘു ഉപകരണങ്ങൾ വികസിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ സർവ്വകലാശാലകൾ ഏറ്റെടുക്കണം. സർവ്വകലാശാലകളെത്തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് കേന്ദ്രനയം മുന്നോട്ടു പോകുന്നത്. ഇത് മുൻകൂട്ടിക്കണ്ടുള്ള നവീകരണങ്ങൾ സർവ്വകലാശാലകൾക്ക് അകത്തുനിന്നുതന്നെ ഉണ്ടാവണം – ഇത്രയും കാര്യങ്ങൾ ധനമന്ത്രി സർവ്വകലാശാലകളെ ഓർമ്മിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസരംഗത്ത്, ജനജീവിതത്തിന്റെ മുന്നോട്ടുപോക്കും പ്രാദേശികസമൂഹങ്ങളുടെ വികസനവും ഉറപ്പാക്കിക്കൊണ്ടുള്ള കേരള മോഡലിലേക്ക് കാലുറപ്പിച്ചു നീങ്ങുകയാണ് നാം. അതിന്റെ ഗൗരവം ശില്പശാല ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് രണ്ടുദിവസവും അവിടെ ചെലവഴിച്ചതിൽനിന്നും ഉയർന്ന ചർച്ചകൾ കേട്ടതിൽനിന്നും മനസ്സിലാക്കുന്നത്.
ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. വിജ്ഞാനസമൂഹമെന്ന ലക്ഷ്യം നേടിയെടുക്കാൻ നമുക്ക് സാധിക്കും. സർക്കാർ മുന്നിൽത്തന്നെയുണ്ട്. അക്കാദമിക് സമൂഹവും ജാഗ്രതയോടെ കൂടെ നിൽക്കണം.