Protect the rights of the marginalized - Minister Dr. R. Bindu

പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കും

ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്ത് കുടുംബശ്രീ മോഡല്‍ എന്ന ആശയം പൊതുജനപങ്കാളിത്തത്തോടെ സാക്ഷാത്ക്കരിക്കാനുള്ള നടപടികൾ സാമൂഹിക നീതി വകുപ്പിന്റെ പരിഗണനയിലാണെന്ന് സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത അഞ്ചുവർഷത്തെ പദ്ധതിരേഖ തയ്യാറാക്കാനായി തിരുവനന്തപുരത്ത് ഐഎംജി യിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനത്തിൽ മന്ത്രി ഡോ . ആര്‍. ബിന്ദു. സര്‍ക്കാര്‍ ഹോമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കാൻ നടപടി സ്വീകരിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ്‌ ഹിയറിംഗ് (NISH), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ (NIPMR) എന്നീ സ്ഥാപനങ്ങള്‍ വഴി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ ഭിന്നശേഷിക്കാരിലേക്ക് എത്തിക്കും.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായി അവരുടെ ആരോഗ്യ-വിദ്യാഭാസ-തൊഴില്‍ മേഖലകളില്‍ കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും വകുപ്പ് ആവിഷ്ക്കരിക്കും.

തടവുകാരുടെ പുനരധിവാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ക്ഷേമം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.

ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ, പ്രൊബേഷൻ തടവുകാർ, കുറ്റകൃത്യത്തിന് ഇരയായവർ, മറ്റു ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയവർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത അഞ്ചുവർഷത്തെ പ്രവർത്തനങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത് .