ഭിന്നശേഷിക്കാർക്കുള്ള വിവിധ ധനസഹായ പദ്ധതികൾ
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം
സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും ആശ്വാസം പദ്ധതി പ്രകാരം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് പൂർത്തിയായവരും ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും, കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ, 14 വയസ്സ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, മുതിർന്ന ഭിന്നശേഷിക്കാർ, അഗതികൾ എന്നിവർക്ക് മുൻഗണനയുണ്ട്. അപേക്ഷ ഫോം പൂരിപ്പിച്ച് രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, പിൻ-695012 എന്ന വിലാസത്തിൽ ഓഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനകം നൽകണം. അപേക്ഷ ഫോം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 9497281896.
ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് 20,000 രൂപ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ച സംഘങ്ങൾ അപേക്ഷിക്കേണ്ട. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണി വരെ നൽകാം. അപേക്ഷാ ഫോം www.hpwc.kerala.gov.inൽ ലഭ്യമാണ്. ഫോൺ: 0471 2347768, 9497281896.