കരുനാഗപ്പള്ളി സർക്കാർ കോളേജിന് പുതിയ കെട്ടിടം : നടപടികൾ പുരോഗമിക്കുന്നു 
——————————————-

കരുനാഗപ്പള്ളി തഴവ  സർക്കാർ കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ചില സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ച് വരികയാണെന്നും  ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു.

നിയമസഭയിൽ സി.ആർ. മഹേഷിന്റെ സബ്മിഷന്  മറുപടി നൽകുകയായിരുന്നു മന്ത്രി.

IHRD യുടെ കരുനാഗപ്പള്ളി കോളേജ് ഓഫ് എൻജിനിയറിങ്  സ്ഥാപനത്തിന്റെ 5 ഏക്കർ വരുന്ന ഭൂമിയാണ് കരുനാഗപ്പള്ളി സർക്കാർ കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കാനായി വിട്ടു തന്നിട്ടുള്ളത്. പ്രസ്തുത ഭൂമിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനായി 13.82 കോടി രൂപയുടെ ഭരണാനുമതിയും  ലഭ്യമായിരുന്നു.

GRIHA മാനദണ്ഡങ്ങൾ അനുസരിച്ച് പ്ലാനും എസ്റ്റിമേറ്റും പുതുക്കുന്നതിനായി കിഫ്ബി നിർദ്ദേശം നൽകിയിരുന്നു. ആയത് പ്രകാരം പദ്ധതിയുടെ SPV ആയ KITCO, GRIHA മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി  സമർപ്പിച്ചിരിക്കുകയാണ്.

 KIFB പദ്ധതിയിൽ ഉൾപ്പെടുത്തിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി  തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള അനുമതിയും ഫയർ ഫോഴ്സിൽ നിന്നുള്ള അനുമതിയും  ലഭിക്കുന്നതിന് കോളേജിന്റെ മുൻവശത്ത് കൂടിയുള്ള റോഡിന് 7 മീറ്റർ വീതി ആവശ്യമാണ്. നിലവിൽ റോഡിന് 4.5 മീറ്റർ മാത്രമേ വീതിയുള്ളൂ. പഞ്ചായത്ത് റോഡായതിനാൽ വീതി വർദ്ധിപ്പിക്കുക ബുദ്ധിമുട്ടാണ്.

ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിന്റെ ഭൂമിയിൽ നിന്നാണ് ആർട്സ് & സയൻസ് കോളേജിനായി ഭൂമി ലഭ്യമായിട്ടുള്ളത്. അടിയന്തിര സാഹചര്യത്തിൽ ഫയർ എൻജിനും ആംബുലൻസിനും പ്രസ്തുത എൻജിനീയറിങ് കോളേജിലൂടെ സർക്കാർ ആർട്സ് & സയൻസ് കോളേജിൽ പ്രവേശിക്കുന്നതിന് IHRD യുടെ അനുമതി ലഭിക്കുകയാണെങ്കിൽ റോഡിന് വീതി വർധിപ്പിക്കാതെ തന്നെ ബിൽഡിങ് പെർമിറ്റും ഫയർ NOC യും ലഭ്യമാകുന്നതാണ്.

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി 5  കോടി രൂപയുടെ ഭരണാനുമതിയുടെ കാലാവധി അവസാനിച്ചതിനാൽ ഭരണാനുമതി പുതുക്കി നൽകുന്നതിനായുള്ള പ്രൊപ്പോസൽ നിലവില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് പഠനം നടത്തുന്നതിനായുള്ള ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് സഹായത്തോടെ പ്രസ്തുത കോളേജിൽ പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മിതികൾ ഉപയോഗപ്പെടുത്തി ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച് വരികയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോളേജിൽ സന്ദർശനം നടത്തി പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രൊപ്പോസൽ പ്രകാരമുള്ള ക്ലാസ്സ് മുറികളുടെ നിർമ്മാണം ആരംഭിച്ച് രണ്ടുമാസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന്  കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട് – മന്ത്രി ബിന്ദു വ്യക്തമാക്കി.