ലോകത്തിനു മുമ്പാകെ ശിരസ്സുയർത്തി നിൽക്കുന്നവയാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിൽ സുവർണ്ണശോഭയായിരിക്കുന്നു, എംജി സർവ്വകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന പുത്തൻ അംഗീകാരം.
ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2023ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആദ്യ നൂറിലുണ്ട് നമ്മുടെ മഹാത്മാഗാന്ധി സർവ്വകലാശാല. രാജ്യത്തിനുതന്നെ അഭിമാനമായിത്തീർന്നിരിക്കുന്ന നേട്ടം.
ലോകത്തെ 669 സർവ്വകലാശാലകൾ ഉൾപ്പെട്ട പട്ടികയിലാണ് എം ജി സർവ്വകലാശാല ആദ്യ നൂറിൽ സ്ഥാനം പിടിച്ചത്. ഇന്ത്യയിൽ നിന്നും ഈ ഔന്നത്യത്തിലേക്കുയർന്ന നാലു സ്ഥാപനങ്ങളുടെ നിരയിലാണ് എം ജിയുടെ പദവി.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മൈസൂരുവിലെ ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഹിമാചൽപ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസ് എന്നിവയാണ് രാജ്യത്തു നിന്ന് ആദ്യ നൂറിലുള്ള മറ്റുള്ളവർ.
