നിയമസഭയിൽ റോജി എം.ജോണിന്റെ അടിയന്തിര പ്രമേയ നോട്ടീസിനുള്ള  മറുപടി

ഉന്നതവിദ്യാഭ്യാസരംഗം മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിൽ  
——————————————-

 ഈ സര്‍ക്കാരിന്റെ പ്രധാന ഊന്നൽ ഉന്നതവിദ്യാഭ്യാസത്തിലായിരിക്കുമെന്നത് ഇതിനകം വിവിധ മേഖലകളില്‍ സ്പഷ്ടമാക്കിയിട്ടുള്ളതാണെന്നും ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാര വര്‍ദ്ധന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വലിയ മുതൽമുടക്കുകൾ ഉന്നതവിദ്യാഭ്യാസമേഖലയിൽ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

ഉന്നതവിദ്യാഭ്യാസത്തിന്റെ വികസനത്തിലൂടെ സംസ്ഥാനത്ത് ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയാണ് നാം. ഈ സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ തുക മാറ്റിവെച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടുന്നതിന് സമഗ്രവും സമൂലവുമായ പരിഷ്കരണങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവരാന്‍ നിയോഗിച്ച മൂന്ന് കമ്മീഷനുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ അവയുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞു.

കേരളം ഇന്നേവരെ കാണാത്ത മാറ്റങ്ങള്‍ക്കാണ് ഉന്നതവിദ്യാഭ്യാസരംഗം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പശ്ചാത്തലസൗകര്യമേഖലയില്‍ കേരളത്തിലെ കലാലയങ്ങള്‍ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വേണ്ടത്ര അദ്ധ്യാപകരോ പഠനസൗകര്യമടക്കമുള്ള പശ്ചാത്തല സംവിധാനങ്ങളോ ഇല്ലാതിരുന്ന കലാലയങ്ങളില്‍ അവ ഉറപ്പാക്കിയതിന്റെ ഭാഗമായി വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെടുന്ന അനുഭവമാണ്. കേരളത്തിലെ പ്രധാനപ്പെട്ട സർവ്വകലാശാലകളിൽ 2016 മുതൽ 523 പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങൾ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഇതുവരെയുള്ള കാലയളവിൽ പൂർത്തീകരിച്ചു കഴിഞ്ഞു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ആര്‍ജ്ജിച്ച നേട്ടങ്ങള്‍ക്ക് തെളിവാണ് കേരള യൂണിവേഴ്സിറ്റി, നാക് അക്രഡിറ്റേഷനില്‍ നേടിയ എ പ്ലസ് പ്ലസ്, കാലടി സര്‍വ്വകലാശാലയുടെ എ പ്ലസ്, പട്ടാമ്പി ഗവണ്‍മെന്റ് കോളേജ് അടക്കമുള്ള സര്‍ക്കാര്‍ കലാലയങ്ങള്‍ നേടിയ ഉയര്‍ന്ന സ്കോറും. രാജ്യമാകെ വിദ്യാഭ്യാസരംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനും കാവിവല്‍ക്കരിക്കാനും ലക്ഷ്യമിട്ടു നടത്തുന്ന എന്‍.ഇ.പി.യ്ക്ക് ബദല്‍ ഒരുക്കുകയാണ് കേരളം. ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഉണ്ടാക്കുന്ന നേട്ടങ്ങളെയാകെ ഇകഴ്ത്തി കാണിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

ആഗോളീകരണ നയങ്ങളുടെ ഇരയായി ഉന്നതപഠനമേഖലയിലേക്ക് കടന്നുവരാന്‍ പോലും കഴിയാതെ സമൂഹത്തിലെ താഴെത്തട്ടിലുള്ള വിഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതപഠന സൗകര്യവും, ഏറ്റവും ആധുനികവും തൊഴില്‍സാദ്ധ്യതയുള്ളതുമായ കോഴ്സുകളും ലഭ്യമായിത്തുടങ്ങുന്ന കേരളത്തിലെ മാറ്റം ആരെയാണ് അലോസരപ്പെടുത്തുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന്റെ വികസനത്തിലൂടെ സംസ്ഥാനത്ത് ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്നും കേരളത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ആഗോളഹബ്ബാക്കി മാറ്റുമെന്നതും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്.

30 അന്തർസർവ്വകലാ ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതിയും 2021-22 ബഡ്ജറ്റ് മുന്നോട്ടു വച്ചു. ഇതിൽ ആദ്യത്തെ ആറെണ്ണം തുടങ്ങുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി 1000 വിദ്യാർത്ഥികൾക്ക് പ്രതിഭാപുരസ്‌കാരം നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അദ്ധ്യയനവർഷം ബിരുദപഠനം പൂർത്തിയാക്കിയ രണ്ടരലക്ഷം രൂപയിൽ താഴെ വരുമാനമുള്ള 1000 വിദ്യാർത്ഥിപ്രതിഭകൾക്ക് ഒരു ലക്ഷം രൂപവീതംമുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരം നൽകി.കേരളത്തിന്റെ വികസനത്തിന് ഊർജം പകരുന്നതരത്തിൽ ഗവേഷണം നടത്തുന്നതിന് 500 നവകേരള പോസ്റ്റഡോക്ടറൽ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. 77 പേർക്ക് നൽകിക്കഴിഞ്ഞു. മറ്റുള്ളവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഉടൻ ആരംഭിക്കും.

ബഡ്ജറ്റിൽ പെടാതെ 96 കോടി രൂപയ്ക്ക് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പരിപാടി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ തുടങ്ങുന്നതിന് തീരുമാനമായി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് സജ്ജമാക്കുന്ന ഡിജിക്കോൾ പദ്ധതി, സർവ്വകലാശാലകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഗവേഷണ ലേഖനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന ഇ-ജേണൽ കൺസോർഷ്യം, ലൈബ്രറികളിലെ ഗ്രന്ഥശേഖരം ഓൺലൈനിൽ ലഭ്യമാകുന്ന കാൽനെറ്റ്, എല്ലാ സർവ്വകലാശാലകളെയും ഉൾപ്പെടുത്തി കരിക്കുലം പരിഷ്കരണം എന്നിങ്ങനെ നിരവധി പ്രധാന പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു.

വിദേശ വിദ്യാർത്ഥികളെയടക്കം കേരളത്തിലെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി വിദ്യാഭ്യാസ പ്രക്രിയ പ്രവേശനം മുതൽ സർട്ടിഫിക്കേഷൻ വരെ സുതാര്യവും വേഗത്തിലുള്ളതുമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ERP സംവിധാനം, നവീകരിച്ച പരീക്ഷാ സംവിധാനം, കരിക്കുലം പരിഷ്കരണം, വർധിച്ച പശ്ചാത്തല സൗകര്യം എന്നിവയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിച്ച് പുതിയ കാലത്തിന് യോജിച്ചതാക്കും. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാൻ സർക്കാർ