നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച 304-ാം ചട്ടപ്രകാരം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉന്നയിച്ച സബ്‍മിഷനുളള ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മറുപടി
(28.02.2023)
………………….

ഗവേഷണപ്രബന്ധങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും അവയുടെ നിലവാരം ഉറപ്പാക്കുന്നതിനും പ്ലേജറിസം തടയുന്നതിനും കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിരവധി നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്:

ഗവേഷക വിദ്യാർത്ഥിയും മാർഗ്ഗദർശിയും ചേർന്ന് ചർച്ച ചെയ്താണ് ഗവേഷണവിഷയം തീരുമാനിക്കുന്നത്. ഗവേഷണവിഷയത്തിന്റെ പ്രാധാന്യം, രീതി ശാസ്ത്രം എന്നിവ വിലയിരുത്തി പരിഷ്കരിക്കുന്നുണ്ടെന്ന് ഗവേഷണ ഉപദേശക സമിതി ഉറപ്പുവരുത്തുന്നു. ഗവേഷണാരംഭം മുതൽ ഓരോ ആറുമാസം കൂടുമ്പോഴും ഗവേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.

യൂണിവേഴ്സിറ്റി ലൈബ്രറികളിൽ നിന്ന് പ്ലേജറിസം പരിശോധന സംബന്ധിച്ച സർട്ടിഫിക്കറ്റുകൾക്കൊപ്പമാണ് ഗവേഷകർ ഗവേഷണ പ്രബന്ധങ്ങൾ സർവ്വകലാശാലകളിൽ സമർപ്പിക്കേണ്ടത്. ഇതിനായി വിവിധ സർവ്വകലാശാലകളിൽ iThenticate, Ouriginal (Urkund), Turnitin തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട്. മലയാളം, ഹിന്ദി, സംസ്കൃതം, സിറിയക് എന്നിങ്ങനെയുള്ള ഭാഷാ വിഷയങ്ങളിൽ പ്ലേജറിസം പരിശോധനയ്ക്ക് സോഫ്റ്റ് വെയർ ലഭ്യമല്ലാത്തതിനാൽ പ്ലേജറിസം പെർസന്റേജ് അനുവദനീയമായ പരിധിയ്ക്കുള്ളിലാണെന്ന ഗവേഷണ മാർഗ്ഗദർശിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്.

ദേശീയ–അന്തർ ദേശീയ തലത്തിലെ വിഷയവിദഗ്ധരുൾപ്പെട്ട പാനൽ ആണ് പ്രബന്ധങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നത്. തുറന്ന വാചാപരീക്ഷയിൽ മൂല്യനിർണ്ണയകമ്മിറ്റിക്കു പുറമെ, പൊതുജനങ്ങൾക്കും പങ്കെടുത്ത് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.

ഗവേഷകരുടെ കണ്ടെത്തലുകൾ സ്റ്റാർട്ട് അപ് മിഷനുമായി യോജിച്ച് ഇൻഡസ്ട്രിയൽ തലങ്ങളിലേക്ക് എത്തിക്കാനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ചു വരുന്നു.
ഗവേഷണങ്ങളിലെ കണ്ടെത്തലുകൾ പ്രായോഗികജീവിതത്തിന് ഉതകുംവിധം രൂപപ്പെടുത്തുന്നതിന് സർവ്വകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ ആരംഭിക്കാനും നടപടികൾ എടുത്തു വരുന്നു. അവാർഡ് ചെയ്യപ്പെട്ട പി.എച്ച് .ഡി. തീസിസുകൾ SHODHGANGA പോലുള്ള വെബ്സൈറ്റുകളിൽ ലഭ്യമാണ്.

നവകേരള സൃഷ്ടിയ്ക്ക് അനുയോജ്യമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ‘മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്’ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള കേരളീയരായ പ്രഗത്ഭ ഗവേഷകരെ ആദരിക്കുന്നതിനും നൂതനവും വ്യത്യസ്തവുമായ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാല കൾക്കുള്ളിൽ ‘സെന്റേഴ്സ് ഓഫ് എക്സലൻസ്’ ആരംഭിക്കുന്നതിനായി രൂപീകരിച്ച അഡ്വൈസറി കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ സർക്കാർ പരിശോധിച്ചു വരികയാണ്.

പുതുതായി അദ്ധ്യാപന മേഖലയിലേക്ക് കടന്നുവരുന്ന അദ്ധ്യാപകർക്ക് ഗവേഷണത്തിൽ പ്രോത്സാഹനം നൽകാൻ ധനസഹായം (Seed Money) നൽകിവരുന്നു. അഫിലിയേറ്റഡ് കോളേജുകൾക്ക് ജേർണൽ പബ്ലിക്കേഷന് ഗ്രാന്റും, ഉയർന്ന ഗുണനിലവാരം പുലർത്തുന്ന ജേർണലുകളിൽ ആർട്ടിക്കിൾ പ്രസിദ്ധീകരിക്കാൻ ഗവേഷക വിദ്യാർത്ഥികൾക്ക് സഹായവും നൽകി വരുന്നു. പേറ്റന്റുകൾ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനും നേടിയെടുക്കാനും സർവ്വകലാശാലാ തലത്തിൽ പേറ്റന്റ് സെൽ പ്രവർത്തിക്കുന്നു. ദേശീയ-അന്തർദേശീയ തലത്തിൽ മികച്ച സർവ്വകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും വ്യവസായ സംഘടനകളുമായും അവിടുത്തെ
വിദഗ്ദ്ധരുമായും ചേർന്ന് വിവിധ മേഖലകളിൽ സെമിനാറുകളും വർക്ക് ഷോപ്പുകളും നടത്തിവരുന്നുമുണ്ട്.