പയ്യന്നൂര്‍ ഗവ. വനിത പോളിടെക്നിക്ക് കോളേജിനെ സംബന്ധിച്ച് നിയമസഭയിൽ ടി.ഐ.മധുസൂദനൻ എം എൽ എ ഉന്നയിച്ച സബ്മിഷന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദുവിന്റെ മറുപടി.

പയ്യന്നൂർ റസിഡെൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (60 സീറ്റുകൾ), ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് (60 സീറ്റുകൾ), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിങ് (60 സീറ്റുകൾ), കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് (50 സീറ്റുകൾ) എന്നിങ്ങനെ 4 വിഷയങ്ങളിലുള്ള ഡിപ്ലോമ പ്രോഗാം ആണ് നിലവിലുള്ളത്. 230 വിദ്യാർത്ഥികൾക്കാണ് ഒരു വർഷം പ്രവേശനം നൽകാൻ സാധിക്കുന്നത്.

സ്ഥാപനത്തിൽ 80 ശതമാനത്തിലധികം വിജയവും, 90 ശതമാനത്തിലധികം പ്ലേസ്മെൻറും നിലവിലുണ്ട്. കേരളത്തിലെ ചില വനിതാ പോളിടെക്നിക്ക് കോളേജുകളിൽ അഡ്മിഷൻ കുറഞ്ഞുവരുന്നുണ്ട്. ഫസ്റ്റ് ഇയറിൽ ഒഴിവുള്ള സീറ്റുകളിൽ ലാറ്ററൽ എൻട്രി വഴി ഒഴിവുകൾ നികത്തി വരുന്നു. സ്ഥാപനങ്ങളിലെ 2022-23 അഡ്മിഷനിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പരിഹാരമായി 50% സീറ്റ് വനിതകൾക്ക് നിലനിർത്തി ജനറൽ പോളി ആക്കുന്നത് സംബന്ധിച്ച വിഷയം AICTE അംഗീകാരത്തിന് വിധേയമായി നടപ്പിലാക്കുന്ന കാര്യം പരിശോധിയ്ക്കാവുന്നതാണ്. സ്ഥാപനം നിലവിൽ AICTE യുടെ അംഗീകാരത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ NBA അക്രഡിറ്റേഷൻ നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

പ്രസ്തുത സ്ഥാപനത്തിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രൊപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ല. AICTE നിലവിൽ പരമ്പരാഗത കോഴ്സുകള്‍ അനുവദിക്കുന്നതിന് മോറട്ടോറിയം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ AICTE അംഗീകരിച്ചിട്ടുള്ള പുതുതലമുറ കോഴ്സുകൾ ആരംഭിക്കുന്നതിനും, സ്ഥാപനത്തിനു സ്വന്തമായുള്ള സ്ഥല സൗകര്യം പരിഗണിച്ച് സ്ഥാപനത്തിന്റെ ഉന്നമനത്തിനുമായുള്ള പ്രൊപ്പോസലുകൾ ലഭ്യമാകുന്ന മുറയ്ക്ക് പുതുതലമുറ കോഴ്സുകൾ തുടങ്ങുന്ന കാര്യവും പരിശോധിക്കാവുന്നതാണ്.